ന്യൂഡല്‍ഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവ(ഐ എഫ് എഫ് ഐ) സമാപനവേദിയില്‍ ജൂറി ചെയര്മാന് നദവ് ലാപിഡ് ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനൊപ്പം നില്ക്കുന്നതായി സഹ വിദേശ ജൂറി അംഗങ്ങള്‍. താനും രണ്ടു സഹ ജൂറിമാരും നദവ് ലാപിഡിനൊപ്പം നില്ക്കുന്നതായി ബാഫ്റ്റ ജേതാവ് ജിങ്കോ ഗോട്ടോ വ്യക്തമാക്കി.
‘ദി കശ്മീര്‍ ഫയല്‍സ്’ പ്രചാരവേല ചിത്രമാണെന്നായിരുന്നു നദവ് ലാപിഡ് ഐ എഫ് എഫ് ഐ സമാപനവേദിയില്‍ പറഞ്ഞത്. ഈ അഭിപ്രായത്തിനൊപ്പമാണു തങ്ങളെന്നു ജിങ്കോ ഗോട്ടോയും പാസ്കേല്‍ ചാവന്സും ഹാവിയര്‍ അംഗുലോ ബാര്തുറനും ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഗോട്ടോയുടെ ട്വിറ്റര്‍ ഹാന്ഡിലിലാണു പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ ബോധമുള്ള ചലച്ചിത്രകാരനായ ലാപിഡ് തന്റെ വ്യക്തിപരമായ അഭിപ്രായം ഐ എഫ് എഫ് ഐ സമാപനച്ചടങ്ങില്‍ അവതരിപ്പിച്ചുവെന്നും ജൂറിയുടെ അഭിപ്രായമല്ലെന്നും പലരും കരുതിയ സമയത്താണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നതെന്നു ശ്രദ്ധേയമാണ്. എന്നാല്‍, ഐ എഫ് എഫ് ഐ രാജ്യാന്തര മത്സരവിഭാഗത്തിന്റെ അഞ്ചംഗ ജൂറിയിലെ ഇന്ത്യന്‍ സംവിധായകനായ സുദീപ്തോ സെന്‍ ഒഴികയുള്ള നാലു പേര്‍ക്കും വിഷയത്തില്‍ ഒരു നിലപാടാണെന്നു വ്യക്തമായി.
ലാപിഡിന്റേതു വ്യക്തിപരമായ അഭിപ്രായമാണെന്നു ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകനാണു സുദീപ്തോ നേരത്തെ പറഞ്ഞിരുന്നു. ലാപിഡ് തന്റെ വ്യക്തിപരമായാണ് അത്തൊരുമൊരു അഭിപ്രായം പകടിപ്പിച്ചതെന്നായിരുന്നു സുദീപ്തോ സെന്‍ നേരത്ത ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെയും പറഞ്ഞത്.
”രാജ്യാന്തര മത്സരത്തിന്റെ ജൂറി ചെയര്‍മാനെന്ന നിലയിലാണ് ഐ എഫ് എഫ് ഐയുടെ സമാപനച്ചടങ്ങില്‍ നദവ് സംസാരിച്ചത്. എന്നാല്‍ അദ്ദേഹം അവിടെ നടത്തിയ പ്രസ്താവന വ്യക്തിപരമാണ്. മത്സരത്തിനെത്തിയ ചിത്രങ്ങളെക്കുറിച്ച് ജൂറിയുടെ ഭാഗമെന്ന നിലയില്‍ പറയാനുള്ളതു നവംബര്‍ 27-നു ഫെസ്റ്റിവല്‍ ഡയറക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്കിയ ഔദ്യോഗിക കുറിപ്പിലും പിന്നീട് പത്രസമ്മേളനത്തിലും ഞങ്ങള്‍ പറഞ്ഞിരുന്നു,” സുദീപ്തോ പറഞ്ഞു.
എന്നാല്‍, ‘ദി കശ്മീര്‍ ഫയല്‍സി’നെക്കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്നാണ് ഇന്നു പുറത്തുവന്ന സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത്.
”മത്സരവിഭാഗത്തിലെ പതിനഞ്ചാമത്തെ ചിത്രമായ ‘ദി കശ്മീര്‍ ഫയല്‍സ്’ കണ്ട് ഞങ്ങളെല്ലവരും അസ്വസ്ഥരും സ്തബ്ധരുമായി. അതൊരരു അശ്ലീല പ്രചാരവേല സിനിമയായി ഞങ്ങള്‍ക്കു തോന്നി. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്രമേളയിലെ കലാപരമായ മത്സര വിഭാഗത്തിനു അനുയോജ്യമല്ല അത് എന്ന് ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങില്‍ ജൂറി അധ്യക്ഷന്‍ നദവ് ലാപിഡ് ജൂറി അംഗങ്ങള്‍ക്ക് വേണ്ടി പ്രസ്താവന നടത്തി. ഞങ്ങള്‍ ആ പ്രസ്താവനയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു,” പ്രസ്താവനയില്‍ പറഞ്ഞു.
”ഞങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചു് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നില്ലെന്നു വ്യക്തമാക്കുന്നു. ഞങ്ങള്‍ ഒരു കലാപരമായ പ്രസ്താവന നടത്തുകയായിരുന്നു. ഫെസ്റ്റിവല്‍ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നദവിനു നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും കാണുന്നതില്‍ ഞങ്ങള്‍ക്കു വളരെയധികം ദുഃഖമുണ്ട്. അതൊരിക്കലും ജൂറിയുടെ ഉദ്ദേശ്യമായിരുന്നില്ല,” പ്രസ്താവനയില്‍ പറയുന്നു. ‘ആത്മാര്‍ഥതയോടെ 53-ാമത് ഐ എഫ് എഫ് ഐ ജൂറി അംഗങ്ങളായ ജിങ്കോ ഗോട്ടോ, പാസ്കേല്‍ ചാവന്‍സ്, ഹാവിയര്‍ അംഗുലോ ബാര്‍തുറന്‍’ എന്നു പറഞ്ഞുകൊണ്ടാണു പ്രസ്താവന അവസാനിപ്പിക്കുന്നത്.
ഓസ്കാറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട അമേരിക്കന്‍ നിര്‍മാതാവാണു ജിങ്കോ ഗോട്ടോ. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്യുമെന്ററി ഫിലിം സംവിധായകനും ചലച്ചിത്ര നിരൂപകനും പത്രപ്രവര്ത്തകനുമാണു ഹാവിയര്‍ അംഗുലോ ബാര്‍തുറന്‍. ഫ്രാന്‍സില്‍നിന്നുള്ള ഫിലിം എഡിറ്ററാണു പാസ്കേല്‍ ചാവന്‍സ്.
മൂവരുടെയും പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ദ ഇന്ത്യന്‍ എക്സ്പ്രസ് സുദീപ്തോ സെന്നിനെ ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു: ”ഞാന്‍ നിങ്ങളോടും മറ്റൊരിടത്തും എന്തു തന്നെ പറഞ്ഞാലും എന്റെ പ്രസ്താവന മാറ്റില്ല. എന്റെ അഭിപ്രായങ്ങള്‍ അതേപടി തുടരും… അത് ശരിയാണ്, കലാപരമായ കാരണങ്ങളാല്‍ സിനിമ നിരസിക്കപ്പെട്ടു. എന്നാല്‍, അദ്ദേഹത്തിന്റെ (ലാപിഡ്) പ്രസ്താവനയെ ഞാന്‍ എതിര്‍ത്തു. അത് ‘കലാപരം’ അല്ലായിരുന്നു. ‘അശ്ലീലമോ’ ‘പ്രചരാവേലയോ’ ആയത് ‘കലാപരമായ’ പ്രസ്താവനയല്ല.”
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍സ്’ മാര്‍ച്ച് 11 ന് റിലീസ് ചെയ്തതിനെത്തുടര്‍ന്നു രാജ്യത്തുടനീളം തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയെങ്കിലും കടുത്ത വിമര്‍ശവുമുയര്‍ന്നു. സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന, അസത്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രചാരവേല ചിത്രമെന്നായിരുന്നു പ്രധാന വിമര്‍ശം. 1990-കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനം പറയുന്ന ചിത്രത്തെ നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.