ശ്രീനഗര്‍: ജമ്മു കശ്മീരിനെ സിറിയയോ അഫ്ഗാനോ ആക്കി മാറ്റാന്‍ കഴിയില്ലെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീര്‍ താഴ്വരയില്‍ സമാധാനം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ പരാജയപ്പെടുത്തി സാമാധാന അന്തരീക്ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടതെന്ന് മെഹ്ബുബ മുഫ്തി കൂട്ടിച്ചേര്‍ത്തു.

കശ്മീരിനെ സിറിയയോ അഫ്ഗാനോ ആക്കി മാറ്റാന്‍ അനുവദിക്കില്ല. സ്വര്‍ഗതുല്യമായ കശ്മീരിനെ അത്തരത്തില്‍ നശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു. കശ്മീരിന്റെ സമാധാനം തിരിച്ചുപിടിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ തിരിച്ചെത്തിക്കുന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും മെഹബൂബ വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന യാത്രാ വിലക്കിനേയും മുഫ്തി വിമര്‍ശിച്ചു. വിദേശ രാജ്യങ്ങളിലേക്ക് നമ്മുടെ കുട്ടികള്‍ തോക്കും ബോംബും കയ്യിലെടുത്തല്ല യാത്ര ചെയ്യാറുള്ളത്. ഡോക്ടറും എഞ്ചിനീയറുമായി ജനങ്ങളെ സേവിക്കാനാണ് നമ്മുടെ കുട്ടികള്‍ വിദേശരാജ്യങ്ങളിലേക്ക് പോകാറുള്ളത്. എന്നാല്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ കുറിച്ച് ലോകത്തിന് മോശമായ പ്രതിച്ഛായയാണ് ഇപ്പോള്‍ ഉള്ളതെന്നും രാഷ്ട്രീയത്തിന് വേണ്ടി മതത്തെ തെറ്റായി ഉപയോഗിക്കരുതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ