ശ്രീനഗർ: ഭീകര പ്രവർത്തനത്തിന് വിദേശത്ത് നിന്ന് ധനസഹായം ലഭിച്ചുവെന്ന കേസിൽ വിഘടനവാദി നേതാക്കൾ പിടിയിലായ സംഭവത്തിൽ കാശ്മീരിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ബിജെപിക്കെതിരെ. ഇന്നലെ പാർട്ടിയുടെ 18 വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്ന മുഫ്തി, “ഒരാശയത്തെയും നിങ്ങൾക്ക് കൊല്ലാനോ ഇല്ലാതാക്കാനോ സാധിക്കില്ല” എന്നാണ് പ്രതികരിച്ചത്.

വിഘടനവാദി നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്രർക്കാരിനുള്ള പരോക്ഷവും ശക്തവുമായ മറുപടിയായാണ് ഇതിനെ കാണുന്നത്. ശ്രീനഗർ-മുസാഫറാബാദ് വാണിജ്യ പാത അടച്ചുപൂട്ടാനുള്ള ഒരു ശ്രമവും തന്റെ സർക്കാർ കൈക്കൊള്ളില്ലെന്നും കേന്ദ്രത്തിനുള്ള മുന്നറിയിപ്പായി മുഫ്തി വ്യക്തമാക്കി.

ദേശീയ അന്വേഷണ ഏജൻസി ഈ പാതയിലൂടെയുള്ള വാണിജ്യ നീക്കം നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇക്കാര്യത്തിലെ നിലപാട് കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വ്യക്തമാക്കിയത്.

എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നായി ഇരുന്ന് കാശ്മീർ വിഷയത്തിൽ പരിഹാരം കാണുകയാണ് വേണ്ടത്. ഒരു പൊലീസുകാരൻ മരിച്ചാലും, അല്ല റോഡിൽ കൂടി നടന്നുപോയ യുവാവ് മരിച്ചാലും എല്ലാവരും കാശ്മീരുകാർ ആണ്. ചർച്ചയിലൂടെ സമവായം കണ്ടെത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്.

വാഗ അതിർത്തിയിലൂടെ പലതും കടത്തുന്നുണ്ട്. എന്നാൽ ആരും വാഗ അതിർത്തി അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നില്ല. തടവിലാക്കപ്പെട്ട സംസ്ഥാനമാണ് കാശ്മീർ. ഈ സാഹചര്യത്തിൽ 2002 ലെ വാജ്പേയി സർക്കാർ കാശ്മീർ അതിർത്തിയിൽ സ്വീകരിച്ച നിലപാടാണ് ഈ സർക്കാർ കൊണ്ടുപോകേണ്ടതെന്നും മുഫ്തി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ