കറാച്ചി: ജമ്മു കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവന നടത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരില്‍ നിന്ന് നിരോധനാജ്ഞ പൂര്‍ണ്ണമായി പിന്‍വലിക്കുമ്പോള്‍ ജനങ്ങളുടെ പ്രതികരണമുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള 1.25 ബില്യണ്‍ മുസ്ലീങ്ങള്‍ കശ്മീരില്‍ സംഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീരില്‍ നിന്ന് നിരോധനാജ്ഞ നീക്കം ചെയ്യുമ്പോള്‍ ലോകമെമ്പാടും മോദിയുടെ നടപടിക്കെതിരെ രംഗത്തുവരുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇതിനെതിരെ രംഗത്തുവരും. ലോകം മുഴുവനുള്ള മുസ്ലീങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ജനങ്ങളെ മുഴുവന്‍ പ്രതികാര നടപടിയിലേക്ക് കൊണ്ടുപോകുകയാണ് നരേന്ദ്ര മോദി കശ്മീരില്‍ ചെയ്യുന്നത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Read Also: വിവാഹവാര്‍ഷിക ദിനത്തില്‍ ജഗതിക്ക് സ്‌നേഹചുംബനം
മുസ്ലീം മതം സമാധാനത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, കശ്മീരിലെ വിഷയങ്ങള്‍ കണ്ട് ലോക രാജ്യങ്ങള്‍ നിശബ്ദത പാലിക്കുന്നു. കാരണം, ഇന്ത്യയുമായുള്ള വാണിജ്യ ബന്ധമാണ് എല്ലാവരുടെയും പ്രശ്‌നം. ലോകം മുഴുവന്‍ കശ്മീരില്‍ സംഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
കശ്മീരില്‍ നടക്കുന്നത് അങ്ങേയറ്റം മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ഇമ്രാന്‍ ഖാന്‍ പാക് അധീന കശ്മീരില്‍ പ്രസംഗിക്കുമ്പോള്‍ പറഞ്ഞിരുന്നു. ജനദ്രോഹമാണ് നരേന്ദ്ര മോദി കശ്മീരില്‍ ചെയ്യുന്നതെന്ന് ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 40 ദിവസമായി കശ്മീരിലെ സഹോദരങ്ങള്‍ നിരോധനാജ്ഞയിലാണ് ജീവിക്കുന്നത്. ഒന്‍പത് ലക്ഷം പട്ടാളക്കാര്‍ കശ്മീരിലെ ജനങ്ങളെ വീട്ടിലടച്ചിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.
Read Also: രാജ്യാന്തര സമൂഹം വിശ്വസിക്കുന്നത് ഇന്ത്യയെ, ഞങ്ങളെയല്ല: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ മന്ത്രി
ഐക്യരാഷ്ട്ര സഭയില്‍ നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും സംസാരിക്കാനിരിക്കെയാണ് തുടര്‍ച്ചയായുള്ള പ്രകോപന പ്രസ്താവനകള്‍ പാക് പ്രധാനമന്ത്രി നടത്തുന്നത്. സെപ്റ്റംബര്‍ 27 നാണ് ഇരു നേതാക്കളും ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുക. കശ്മീരില്‍ ആര്‍എസ്എസ് അജണ്ടയാണ് നരേന്ദ്ര മോദി നടപ്പിലാക്കുന്നതെന്നും മുസ്ലീം വിരോധമാണ് ഇതിനു കാരണമെന്നും ഇമ്രാന്‍ ഖാന്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.