ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ സംരക്ഷണ കാലാവധി നീട്ടി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ചന്റേതാണ് ഉത്തരവ്. വാരണാസി ജില്ലാ ജഡ്ജിക്ക് മുമ്പാകെ ഗ്യാന്‍വാപി വിഷയത്തില്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും ഏകീകരിക്കാന്‍ ഹിന്ദു വിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കാനും ബെഞ്ച് അനുമതി നല്‍കി. സര്‍വേ കമ്മീഷണറെ നിയമിക്കുന്നതിനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അഞ്ജുമന്‍ ഇന്റസാമിയ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി നല്‍കിയ അപ്പീലില്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ഹിന്ദു വിഭാഗത്തോട് കോടതി നിര്‍ദ്ദേശിച്ചു.
ഈ വര്‍ഷം ആദ്യം മസ്‍ജിദ് പരിസരത്ത് നടത്തിയ വീഡിയോഗ്രാഫിക് സര്‍വേയിലായിരുന്നു ശിവലിംഗം കണ്ടെത്തിയതായി അവകാശവാദം ഉയര്‍ന്നത്. സ്ഥലം സംരക്ഷിക്കണമെന്നുള്ള മേയ് 17-ലെ ഇടക്കാല ഉത്തരവിന്റെ കാലാവധി നാളെ (നവംബർ 12) അവസാനിക്കുമെന്ന് സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അഡ്വക്കേറ്റ് വിഷ്ണു ശങ്കർ ജെയിൻ അറിയിച്ചിരുന്നു.
വർഷം മുഴുവനും ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് സ്ഥിതി ചെയ്യുന്ന ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം തേടിയ അഞ്ച് ഹിന്ദു സ്ത്രീകള്‍ക്കെതിരായ മസ്‍ജിദ് കമ്മിറ്റിയുടെ എതിര്‍പ്പ് വാരണാസി കോടതി നിരസിച്ച കാര്യവും ജെയിന്‍ ചൂണ്ടിക്കാണിച്ചു. 1947 ഓഗസ്റ്റ് 15 ന് ശേഷം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് വിലക്കുന്ന 1991 ലെ ആരാധനാലയ നിയമം ഈ കേസ് തടഞ്ഞുവെന്ന് മസ്ജിദ് കമ്മിറ്റി അവകാശപ്പെട്ടിരുന്നു.
മസ്ജിദ് സമുച്ചയത്തിന്റെ പുറം ഭിത്തിയിലുള്ള മാ ശൃംഗർ ഗൗരി സ്ഥലത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹർജി പരിഗണിച്ച വാരണാസി കോടതി ഏപ്രിൽ എട്ടിന് ഒരു അഡ്വക്കേറ്റ് കമ്മീഷണറെ സ്ഥലം പരിശോധിച്ച് വീഡിയോഗ്രഫി തയ്യാറാക്കാൻ നിയോഗിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ 21-ന് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതെ തുര്‍ന്നാണ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.