ഷിംല: അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിനിടെ ഹിമാചൽ പ്രദേശിലെ ഉദ്യോഗ്സ്ഥ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ വിജയ്‌ താക്കുറിനെ പൊലീസ് അറസ്റ്റ് ചെയ്തു.  ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍-മഥുര പ്രദേശത്തു വെച്ചായിരുന്നു അറസ്റ്റ്.   അനധികൃതമായി പണിത കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് അസിസ്റ്റന്റ്  ടൗൺ പ്ലാനർ ഷെയ്ൽ ബാല ശർമ്മയെ പ്രതി വെടിവെച്ചു കൊലപെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നു.

പൊലീസ് അന്വേഷണത്തില്‍  ആയിരുന്ന പ്രതിയെ അഡീഷനല്‍ എസ്.പി  സോളന്‍റെയും ഡോ.ശിവ് കുമാറിന്‍റെയും നേതൃത്വത്തിലാണ് മഥുരയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ച ഡി.ജി.പി  എസ് .ആര്‍ മര്‍ദി, അന്വേഷണത്തിലെ പുരോഗതിയില്‍ സന്തോഷം പ്രകടിപ്പിച്ചു.

ഡി.ജി.പിയും അന്വേഷണ സംഘത്തിന്റെ കൂടെ കസോലിയില്‍ ക്യാമ്പ്‌ ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയും അഭിപ്രായം പറയുകയുണ്ടായി. സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിനു വേണ്ട എല്ലാ നടപടിയും സ്വീകരിക്കണമെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.  ഒളിവിലായ പ്രതിയെ പിടികൂടുന്നതിനു പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കീഴടങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രതി മൊബൈലില്‍ സന്ദേശവും അയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ