രാജ്യത്തെ രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ്വ ബഹുമതിയാണ് എം കരുണാനിധി എന്ന മുത്തുവേൽ കരുണാധി സ്വന്തമാക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റായി തുടർച്ചയായി 50 വർഷം തുടരുക എന്ന നേട്ടം കരുണാനിധി എന്ന ദ്രാവിഡ നേതാവിന് സ്വന്തം.
തമിഴ് നാട്ടിലെ മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 1969 ജൂലൈ 27 നാണ് ഡി എം കെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. നാൽപ്പത്തിനാലാം വയസ്സിലാണ് ഡി എം കെയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുന്നത്. പിന്നീട് ആ കേഡർ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശബ്ദമായി പ്രസിഡന്റ്. ഡി എം കെ സ്ഥാപകനായ സി എൻ അണ്ണാദുരൈയുടെ നിര്യാണത്തെ തുടർന്ന് 1969 ഫെബ്രുവരി പത്തിനാണ് നിയമസഭാ കക്ഷി നേതാവായും പിന്നീട് മുഖ്യമന്ത്രിയായും കരുണാനിധി തിരഞ്ഞെടുക്കപ്പെടുന്നത്. പതിനാലാം വയസ്സിൽ രാഷ്ട്രീയപ്രവർത്തനത്തിലേയ്ക്ക് കടന്നു വന്ന ദ്രാവിഡ രാഷ്ട്രീയത്തിലെ ഈ തീനാവ് 94 ആം വയസ്സിലും ആ കരുത്തിന്റെ പിൻബലത്തിൽ ദേശീയതലത്തിൽവരെ ശ്രദ്ധ പിടിച്ചുപറ്റുന്ന നേതാവായി തുടരുന്നത്. 1957ൽ മുപ്പത്തി മൂന്നാം വയസ്സില്‍ കുഴിത്തലയില്‍ നിന്ന് എം എല്‍ എ ആയി വിജയിച്ച കരുണാനിധി പതിമൂന്ന് തവണ എം എല്‍ എയും അഞ്ചു തവണ മുഖ്യമന്ത്രിയുമായി.
പ്രസിഡന്റില്ലാതെ ആരംഭിച്ച രാഷ്ട്രീയപാർട്ടിയായിരുന്നു ഡി എം കെ. അണ്ണാദുരൈ അതിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ദ്രാവിഡ കഴകം സ്ഥാപകനും അണ്ണാദുരൈയുടെ നേതാവുമായിരുന്ന പെരിയാർ ഇ വി രാമസ്വാമിക്ക് വേണ്ടിയായിരുന്നു അത്. ഡി കെയിൽ നിന്നും വേർപിരഞ്ഞ് അണ്ണാദുരൈ ഡി എം കെ സ്ഥാപിക്കുകയായിരുന്നു. പെരിയാർ ഡി എം കെയിലേയ്ക്ക് വരുമ്പോൾ അദ്ദേഹത്തിന് നൽകാനായിട്ടായിരുന്നു ആ സ്ഥാനം ഒഴിച്ചിട്ടിരുന്നത്.
ഡി എം കെ 1960 സെപ്തംബർ 25 ന് പ്രസിഡീയം ചെയർമാൻ എന്ന തസ്തികയാണ് സൃഷ്ടിച്ചത്. അതിൽ ആദ്യമെത്തിയത് ഇ വി കെ സമ്പത്ത് എന്ന നേതാവായിരുന്നു അദ്ദേഹം പാർട്ടി വിട്ടതിനെ തുടർന്ന് വി ആർ നെടുഞ്ചേഴിയൻ ആ സ്ഥാനത്തെത്തി. കരണാനിധിയും 1970 ൽ ചുമതലയേൽക്കുമ്പോൾ ചെയർമാൻ എന്നായിരുന്നു സ്ഥാനം. പിന്നീട് അത് പ്രസിഡന്റ് ആയി മാറുകയായിരുന്നു.
രാഷ്ട്രീയത്തിലെ ദീർഘദൃഷ്ടി, നർമ്മബോധം തമിഴ് ഭാഷയിലുളള സ്വാധീനം, പ്രസംഗ പാടവം, മൂർച്ചയേറിയ എഴുത്ത് ശൈലി, ഓർമ്മശക്തി എന്നിവയൊക്കെ അദ്ദേഹത്തിനെ സമാനതകളില്ലാത്ത രാഷ്ടീയ നേതാവാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.
ഡി എം കെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം രണ്ട് വർഷത്തിനുളളിൽ നടന്ന തമിഴ് നാട് നിയമസഭയിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പിൽ കരുണാനിധി തന്റെ കരുത്ത് തെളിയിച്ചു. 1971 ൽ ഡിഎം കെ തമിഴ് നാട് തൂത്തുവാരി. രാഷ്ട്രീയ നിലപാടുകളിൽ അതിശക്തമായി ഉറച്ചുനിൽക്കുന്ന ശീലമുളള കരുണാനിധി അടിന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്ന ഏക കോൺഗ്രസ്സിതര സർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു. അതിനാൽ തന്നെ സോഷ്യലിസ്റ്റ് നേതാക്കളടക്കം ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരടയാ നേതാക്കളുടെ അഭയസ്ഥാനവും തമിഴ് നാടായിരുന്നു. അടിയന്തരവാസ്ഥയെ എതിർത്ത് നിലകൊണ്ട കരുണാനിധിക്ക് അതിന് ബലികഴിക്കേണ്ടി വന്നത് തന്റെ മുഖ്യമന്ത്രി സ്ഥാനവും ഡി എം കെയുടെ തമിഴ്നാട്ടിലെ ഭരണവുമായിരുന്നു. ഇന്ദിരാഗന്ധി ഡി എം കെ സർക്കാരിനെ പിരിച്ചുവിട്ടാണ് പകവീട്ടിയത്.
1976 ൽ തന്റെ സർക്കാരിനെ പിരിച്ചുവിട്ട കോൺഗ്രസുമായി കൂട്ട് ചേർന്ന് 1980 അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എം ജി ആറും കരുണാനിധിയും വേർപിരിയുകയും അവരിരുവരും തമ്മിലുളള പോരാട്ടം ശക്തമാകുകുയം ചെയ്ത കാലമായിരുന്നു അത്.
എം ജി ആറിന്റെ മരണശേഷമാണ് ഡി എം കെ വീണ്ടും അധികാരത്തിലെത്തുന്നത്. 1989ൽ ദേശീയ തലത്തിൽ രൂപപ്പെട്ട ഐക്യമുന്നണി സർക്കാരിൽ ഡി എം കെ യ്ക്കും ഇടമുണ്ടായി. കരുണാനിധിയുടെ ബന്ധുവായ മുരൈശൊലി മാരൻ വി പി സിങ് മന്ത്രിസഭയിൽ മന്ത്രിയായി.
കോൺഗ്രസിൽ നിന്നും വിട്ട് തമ്ഴ് മാനില കോൺഗ്രസ് രൂപീകരിച്ച ജി.കെ മൂപ്പനാരെയും പി. ചിദംബരത്തെയും കൂട്ടിയായിരന്നു 1996ലെ കരുണാനിധിയുടെ പോരാട്ടം. ദേവഗൗഡയുടെ നേതൃത്വത്തിൽരൂപീകരിച്ച ഐക്യമുന്നണി സർക്കാരിലും 1999 രൂപീകരിച്ച എ ബി വാജ്പേയിയുടെ ബി ജെ പി സർക്കാരിലും ഡി എം കെ ഇടം കണ്ടെത്തി.
2004 ലെ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ്സിനൊപ്പം നിലപാട് സ്വീകരിച്ച ഡി എം കെ യു പി എ സർക്കാരിന്റെ ഭാഗമായി. 2014 ൽ തനിച്ച് മത്സരിച്ചുവെങ്കിലും കനത്ത പരാജയം ഏറ്റുവാങ്ങി. എന്നാൽ 2016 ലെ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിലെ പ്രധാന പ്രതിപക്ഷമായി ഡി എം കെ തങ്ങളുടെ വീര്യം നഷ്ടമായില്ലെന്ന് ഉറപ്പിച്ചു. തമിഴ് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുമ്പോഴാണ് കരുണാനിധി തന്റെ പ്രസിഡന്റ് പദവിയിൽ അമ്പത് വർഷം പൂർത്തിയാക്കുന്നത്.