/indian-express-malayalam/media/media_files/uploads/2018/08/karunanidhi.jpg)
ചെന്നൈ: കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആള്‍വാര്‍പേട്ട് കാവേരി ആശുപത്രിയില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതും മരുന്നുകളോട് ശരീരം പ്രതികരിക്കാതിരിക്കുന്നതും ചികിത്സ നിഷ്പ്രഭമാക്കുന്നു എന്നാണ് ആശുപത്രിവൃത്തങ്ങളില്‍ നിന്നും വരുന്ന വാര്‍ത്ത. ഇന്നലെത്തെ മെഡിക്കല്‍ ബുള്ളറ്റിന് ശേഷം ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു എന്നറിഞ്ഞതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ ആള്‍വാര്‍പേട്ട് കാവേരി ആശുപത്രി പരിസരത്തേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ ഇന്നലെ വൈകിട്ട് ആശുപത്രി കവാടത്തിലും ടിടികെ റോഡിലും ഗതാഗതതടസ്സം നേരിട്ടു. ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അറുന്നൂറിന് അടുത്ത് പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, വിജയ്, കമല്‍ഹാസന്‍ എന്നിവരെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
94 കാരനായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നില കൂടുതല്‍ മോശമായത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അന്ന് മുതല്‍ തീവ്രപരിചരണവിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി. അടുത്ത 24 മണിക്കൂറുകള്‍ ഏറെ നിര്‍ണ്ണായകമാണെന്നും ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.