ചെന്നൈ: ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പ്രായാധിക്യം അദ്ദേഹത്തിന്റെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ആൾവാർപേട്ട് കാവേരി ആശുപത്രി ഡോക്ടര്‍മാര്‍ അറിയിക്കുന്നു. മരുന്നുകളോട് പൂര്‍ണമായും അദ്ദേഹം പ്രതികരിക്കുന്നില്ല. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
94കാരനായ കരുണാനിധിയുടെ ആരോഗ്യ നിലയില്‍ കഴിഞ്ഞ ദിവസം നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അന്ന് മുതല്‍ ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി.
രക്തസമ്മര്‍ദ്ദം താഴ്ന്നതിനാല്‍ ഗുരുതരാവസ്ഥയിലാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ എത്തിച്ചത്. തലൈവരേ എഴുന്നേറ്റ് വാ എന്നാണ് അണികള്‍ ആശുപത്രിക്ക് മുമ്പില്‍ വിലപിക്കുന്നത്.