ചെന്നൈ: കരുണാനിധിയുടെ സംസ്കാര ചടങ്ങിന് മറീന ബീച്ചിലെ അണ്ണാ സമാധിയ്ക്ക് സമീപത്തെ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം സംബന്ധിച്ച കേസിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട രണ്ടംഗബഞ്ച് ഇന്ന് രാവിലെ എട്ടിന് വീണ്ടും വാദം കേൾക്കും. വിധി രാവിലെ 10.30നു എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി.രമേഷ്, ജസ്റ്റിസ് സുന്ദർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി.
കോടതിയിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടുകളെ ഖണ്ഡിക്കുന്ന രീതിയിലാണ് ഡിഎംകെ അഭിഭാഷകർ വാദിച്ചത്. മറീന ബീച്ച് നിലവിൽ മുതിർന്ന നേതാക്കളെ അടക്കിയിരിക്കുന്ന പ്രദേശമാണ്, അതുകൊണ്ട് തന്നെ തീരസംരക്ഷണ നിയമത്തിന്റെ പരിധിയിൽ മറീന ബീച്ചിൽ ഉൾപ്പെടില്ല, ഇവിടെ ശവകുടീരങ്ങൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി സമർപ്പിക്കപ്പെട്ട ഹർജികളിൽ ഭൂരിഭാഗവും പിൻവലിക്കപ്പെട്ടെന്നും അഭിഭാഷകർ വാദിച്ചു.
മറീന ബീച്ചില്‍ സമാധി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാക്കൾ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നിലവിൽ ഗിണ്ടി ഗാന്ധിമണ്ഡപത്തിൽ മൃതദേഹം സംസ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഏക്കർ സ്ഥലം ഗാന്ധിമണ്ഡപത്തിന് സമീപം അനുവദിച്ചിട്ടുണ്ട്. ഡിഎംകെയുടെ സമ്മതത്തോടെയാണോ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഇതിനെ കുറച്ച് ഡിഎംകെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അണ്ണാ സ്ക്വയറില്‍ മുന്‍മുഖ്യമന്ത്രിമാരെ അടക്കം ചെയ്തിട്ടില്ലെന്നാണ് അനുമതി നിഷേധിച്ച് പളനിസ്വാമി പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മരണപ്പെട്ടവരെ മാത്രമാണ് അണ്ണാ സ്ക്വയറില്‍ അടക്കം ചെയ്തിട്ടുളളത്. അണ്ണാദുരൈ, എംജിആര്‍, ജയലളിത എന്നിവരൊക്കെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കെ മരിച്ചവരാണ്. മുന്‍മുഖ്യമന്ത്രിമാരായ കെ.കാമരാജ്, രാജാജി എന്നിവര്‍ക്ക് സമാധി ഒരുക്കിയത് ഗാന്ധി മണ്ഡപത്തിലാണെന്നും പളനിസ്വാമി ചൂണ്ടിക്കാട്ടുന്നു.