ചെന്നൈ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുണ്ട് ഓഗസ്റ്റ് ഏഴിന് വിട പറഞ്ഞ ദ്രാവിഡ മുന്നേട്ര കഴകം നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കലൈഞ്ജര്‍ കരുണാനിധിക്ക്. സ്വാതന്ത്ര്യദിനത്തിലും റിപബ്ലിക് ദിനത്തിലും ദേശീയ പതാക ഉയര്‍ത്തിയ ആദ്യ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് അതിനുള്ള അവസരം നേടിക്കൊടുത്തതും കരുണാനിധിയുടെ പോരാട്ടം തന്നെ.
1973വരെ സ്വാതന്ത്ര്യദിന പരിപാടികളിലും റിപബ്ലിക് ദിന പരിപാടികളിലും ദേശീയ പതാക ഉയര്‍ത്തിയിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായ സംസ്ഥാന ഗവര്‍ണര്‍മാരായിരുന്നു. 1974ല്‍ കരുണാനിധി നടത്തിയ ഇടപെടലിലാണ് ഈ ചുമതല സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് വന്നുചേരുന്നത്.
ഫെഡറലിസത്തില്‍ സംസ്ഥാന ഭരണകൂടങ്ങളുടെ പ്രാധാന്യം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച കരുണാനിധി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് കത്തെഴുതുകയുണ്ടായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ നില്‍ക്കെ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തുന്നത് രാജ്യത്തിന്റെ ഫെഡറലിസത്തിന് ഭീഷണിയാണ് എന്ന് ആരോപിച്ച കരുണാനിധി പ്രോട്ടോക്കോള്‍ മാറ്റണം എന്നും ആവശ്യപ്പെട്ടു.
കരുണാനിധിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ശരിവച്ചതിനെ തുടര്‍ന്ന് 1974 ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്ന രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയായി കരുണാനിധി.
ഒരു കാലത്ത് ദ്രാവിഡ നാട് എന്ന വാദമുയര്‍ത്തിയ ഒരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ നേതാവ് പില്‍കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ ഫെഡറലിസത്തിന്റെ കരുത്തുറ്റ പോരാളിയായി എന്നത് മറ്റൊരു ചരിത്രം.