ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായെന്നും ചികിത്സകൾ ഫലം കാണുന്നില്ലെന്നും ഇന്നു വൈകിട്ട് 4.30 ന് പുറത്തിറങ്ങിയ മെഡിക്കൽ ബുളളറ്റിനിൽ പറഞ്ഞിരുന്നു. തുടര്‍ന്ന് 6.10ഓടെ സ്ഥിതി വഷളായി അന്ത്യം സംഭവിക്കുകയായിരുന്നു. കരുണാനിധിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കാവേരി ആശുപത്രിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി. ആശുപത്രി പരിസരത്ത് 1200 ഓളം പൊലീസുകാരെ വിന്യസിച്ചു. എല്ലാ പൊലീസുകാരും ഡ്യൂട്ടിക്ക് ഹാജരാകാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു.
ആശുപത്രി പരിസരത്ത് നൂറുകണക്കിന് ഡിഎംകെ പ്രവർത്തകരാണ് തമ്പടിച്ചിട്ടുളളത്. കരുണാനിധിയുടെ മരണ വാര്‍ത്തയറിഞ്ഞ് നിരവധി പ്രവർത്തകർ ആശുപത്രി പരിസരത്തേക്ക് എത്തിച്ചേരുന്നുമുണ്ട്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ ആശുപത്രി കവാടത്തിലും ടിടികെ റോഡിലും ഗതാഗത തടസ്സം നേരിട്ടു.
#FLASH M Karunanidhi passes away, Kauvery hospital releases statement pic.twitter.com/gUpZgYnPiY
— ANI (@ANI) August 7, 2018
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, വിജയ്, കമല്ഹാസന് എന്നിവരെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
94 കാരനായ കരുണാനിധിയുടെ ആരോഗ്യനിലയില്‍ കഴിഞ്ഞ ദിവസം നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നില കൂടുതല്‍ മോശമായത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അന്ന് മുതല്‍ തീവ്രപരിചരണവിഭാഗത്തിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു കരുണാനിധി.
Deeply saddened by passing away of Kalaignar Karunanidhi. He was one of the senior most leaders of India. We have lost a deep-rooted mass leader, prolific thinker, accomplished writer and a stalwart whose life was devoted to the welfare of the poor and the marginalised: PM Modi pic.twitter.com/4fw9KLhT16
— ANI (@ANI) August 7, 2018
ഡിഎംകെ പ്രസിഡന്റ് ആയതിന്റെ 50-ാം വാർഷിക പരിപാടികൾക്കിടെ ആണ് കരുണാനിധിയുടെ ആരോഗ്യനില മോശമായത്. ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയിൽ ഒരുക്കിയായിരുന്നു ചികിത്സ. ആരോഗ്യനില മോശമായതോടെയാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.
ചലനശേഷിയും സംസാരശേഷിയും കുറഞ്ഞതോടെ 94–കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഒന്നര വർഷമായി അദ്ദേഹം വീട്ടിൽ വിശ്രമത്തിലായിരുന്നു.