ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ ട്രോളി കാർത്തി ചിദംബരം. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് കാർത്തിയുടെ ട്രോൾ. ബജറ്റ് അവതരണത്തിനു സമയപരിധി നിശ്ചയിക്കണമെന്ന് കാർത്തി ട്വീറ്റ് ചെയ്തു. നിർമലയുടെ ബജറ്റ് അവതരണം രണ്ട് മണിക്കൂറിനടുത്ത് ആയപ്പോഴാണ് കാർത്തിയുടെ ട്വീറ്റ്.
There must a time limit for budget speeches. #Budget2020
— Karti P Chidambaram (@KartiPC) February 1, 2020
അതേസമയം, ഏറ്റവും ദെെർഘ്യമുള്ള ബജറ്റ് അവതരണം എന്ന നേട്ടം നിർമല സ്വന്തമാക്കി. സ്വന്തം റെക്കോർഡ് തന്നെയാണ് നിർമല ഇത്തവണ തിരുത്തിയത്. ഇന്ന് രാവിലെ പതിനൊന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണം ആരംഭിച്ചത് . രണ്ടു മണിക്കൂര്‍, നാല്പതു മിനിട്ട് പിന്നിട്ട്, തന്റെ തന്നെ റെക്കോര്‍ഡ് ആയ 2019ലെ രണ്ടു മണിക്കൂര്‍ പതിനേഴു മിനുറ്റ് നീളമുള്ള ബജറ്റ് പ്രസംഗത്തെയാണ് ഇത്തവണ നിർമല പിന്നിലാക്കിയത്.
ആദായ നികുതി പരിധിയിൽ വൻ മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ്. 5 ലക്ഷം വരെ ആദായനികുതി ഇല്ല. 5 മുതൽ 7.5 ലക്ഷം വരെ 10 ശതമാനം. 7.5 മുതൽ 10 വരെ 15 ശതമാനം. 10 മുതൽ 12.5 വരെ 20 ശതമാനം. 12.5 മുതൽ 15 ലക്ഷം വരെ 25 ശതമാനം. 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം എന്നിങ്ങനെയായാണ് ആദായനികുതി ഘടന പരിഷ്കരിച്ചത്.
Read Also: കൊറോണ: ചെെനയിൽ നിന്നെത്തിയ വിദ്യാർഥിനി പനിലക്ഷണങ്ങളോടെ പത്തനംതിട്ട ആശുപത്രിയിൽ
എൽഐസിയിലെ സർക്കാരിന്റെ ഓഹരികൾ ഭാഗികമായി വിറ്റഴിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ. പൊതുമേഖലാ ബാങ്കായ ഐഡിബിഐയുടെ ഓഹരികൾ വിൽക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതം രണ്ടു ഘട്ടുമായി നൽകും. അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപ ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടി അനുവദിക്കും. 2024ലോടെ പുതിയ നൂറ് വിമാനത്താവളങ്ങള്‍ തുറക്കും. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍ വരും. കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കും.