scorecardresearch
Latest News

അറസ്റ്റ് രാഷ്ട്രീയപ്രേരിതം; എല്ലാറ്റിനും പിന്നിൽ ബിജെപിയെന്നും കാര്‍ത്തി ചിദംബരം

അറസ്റ്റിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കാര്‍ത്തി ചിദംബരം

അറസ്റ്റ് രാഷ്ട്രീയപ്രേരിതം; എല്ലാറ്റിനും പിന്നിൽ ബിജെപിയെന്നും കാര്‍ത്തി ചിദംബരം

ന്യൂഡൽഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതിഷേധം അറിയിച്ച് മകന്‍ കാര്‍ത്തി ചിദംബരം. ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കാര്‍ത്തി പറഞ്ഞു. അറസ്റ്റിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. ചിലരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള രാഷ്ട്രീയ നാടകങ്ങളാണ് സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്നും കാര്‍ത്തി ചിദംബരം ആരോപിച്ചു.

ഇതെല്ലാം ചെയ്യുന്നത് ബിജെപിയാണ്. അല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അല്ലല്ലോ എന്ന് കാര്‍ത്തി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. അറസ്റ്റിനെതിരെ കോടതിയെ സമീപിക്കും. ബിജെപി അല്ലാതെ വേറെ ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നും കാര്‍ത്തി ചിദംബരം ചോദിച്ചു.

മുൻ കേന്ദ്രമന്ത്രിയായ പി.ചിദംബരത്തെ നാടകീയ നീക്കങ്ങൾക്ക് ഒടുവിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വസതിയിലെത്തിയാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

Read More: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?

വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു.സിബിഐയ്ക്ക് പിന്നാലെ ഇഡിയും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.

Read Also: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍

പി.ചിദംബരം എഐസിസി ആസ്ഥാനത്ത് എത്തി നേരത്തെ വാർത്താസമ്മേളനം നടത്തിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച ചിദംബരത്തെ കുറിച്ച് കഴിഞ്ഞ 24 മണിക്കൂറായി വിവരമൊന്നും ഇല്ലായിരുന്നു. അതിനിടയിലാണ് എഐസിസി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചിദംബരം ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ, താൻ ഒളിച്ചുകളിക്കില്ലെന്ന് ചിദംബരം എഐസിസി ആസ്ഥാനത്ത് വച്ച് പറഞ്ഞിരുന്നു.

എഐസിസി ആസ്ഥാനത്ത് എത്തിയ ചിദംബരം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. തനിക്കെതിരായ കേസില്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ഇല്ല. താന്‍ ഒളിവിലല്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. തലയുയര്‍ത്തി പിടിച്ച് തന്നെ നില്‍ക്കും. നിയമപരമായി എല്ലാം നേരിടും. നിയമത്തെ ബഹുമാനിക്കുന്നു. അഴിമതി കേസില്‍ തനിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ലെന്നും ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ്; മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം അറസ്റ്റില്‍

ചിദംബരം എത്തിയതറിഞ്ഞ സിബിഐയും എഐസിസി ആസ്ഥാനത്ത് എത്തി. എന്നാല്‍, ചിദംബരം ഉടന്‍ തന്നെ അവിടെ നിന്ന് മടങ്ങുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് വച്ച് അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. സിബിഐ ഉദ്യോഗസ്ഥർ എത്തിയെന്ന് അറിഞ്ഞ ചിദംബരം ഉടൻ തന്നെ എഐസിസി ആസ്ഥാനത്തു നിന്ന് ജോർബാഗിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചിദംബരം വീട്ടിലേക്ക് മടങ്ങി എന്ന് അറിഞ്ഞതോടെ സിബിഐയും ചിദംബരത്തിന്റെ വീട്ടിലെത്തി.

സിബിഐയ്ക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഡൽഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. ഇവർക്ക് അകത്ത് പ്രവേശിക്കാൻ സാധിക്കാതിരിക്കാനാണ് ചിദംബരം വീടിന്റെ ഗേറ്റ് പൂട്ടാൻ നിർദേശിച്ചത്. എന്നാൽ, സിബിഐ പിൻവാങ്ങിയില്ല. മതിൽ ചാടി കടന്ന് വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. വീടിന്റെ കോളിങ് ബെൽ അടിച്ചിട്ടും ചിദംബരം വാതിൽ തുറന്നില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karti chidambaram on chidambarams arrest in inx media case