ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് കാർത്തിക് ഇക്കാര്യം ആവശ്യപ്പെട്ടത്. തെറ്റ് ചെയ്യാത്ത ഒരാൾ മുപ്പത് വർഷമായി ജയിലിൽ കഴിയുകയാണെന്നും മകനെ തിരിച്ചുകിട്ടാൻ ഒരമ്മ 30 വർഷമായി പോരാടുകയാണെന്നും കാർത്തിക് പറഞ്ഞു. ഇരുവർക്കും നീതി ലഭ്യമാക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോടും ഗവർണറോടും ആവശ്യപ്പെടുകയാണെന്നും കാർത്തിക് പറഞ്ഞു. ഇനിയെങ്കിലും അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പേരറിവാളനും അമ്മയും ഒന്നിച്ചുനിൽക്കുന്ന ചിത്രം പങ്കുവച്ചാണ് കാർത്തിക് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണു പ്രതികളിലൊരാളായ എജി പേരറിവാളന്‍. നവംബർ ആറിന് അനുവദിച്ച 14 ദിവസത്തെ പരോൾ പൂർത്തിയാക്കി പേരറിവാളൻ ഇന്ന് വീണ്ടും ജയിലിലേക്ക് തിരിച്ചെത്തും. ഈ സാഹചര്യത്തിലാണ് കാർത്തിക്കിന്റെ പോസ്റ്റ്. തനിക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു പേരറിവാളന്‍ ഈ വർഷം തുടക്കത്തിൽ കത്തെഴുതിയിരുന്നു. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നൽകിയിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

Read Also: രാജീവ് ഗാന്ധി വധക്കേസ്: ശിക്ഷാ ഇളവിനു പേരറിവാളന്റെ കാത്തിരിപ്പ് ഇനിയും എത്രനാള്‍?

29 വര്‍ഷം മുന്‍പ് നടന്ന രാജീവ് വധത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനു സുപ്രീം കോടതി സിബിഐ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഈവർഷം ജനുവരി 25നു പേരറിവാളന്‍ ഗവര്‍ണര്‍ക്കു കത്തെഴുതിയത്.

പേരറിവാളനെതിരായ കേസ്

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ടിടിഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങിനല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.

കസ്റ്റഡിയിലായിരുന്നപ്പോഴുള്ള പേരറിവാളന്റെ മൊഴി താന്‍ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നു വിരമിച്ച സിബിഐ എസ്പി വി ത്യാഗരാജന്‍ 2013 നവംബറില്‍ വെളിപ്പെടുത്തിയിരുന്നു. മൊഴി തിരുത്തിയതാണു പേരറിവാളനു വധശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്നും ത്യാഗരാജന്‍ പറഞ്ഞിരുന്നു. ഇതാണു താന്‍ നിരപരാധിയാണെന്ന പേരറിവാളന്റെ അവകാശവാദത്തിനു ബലമായത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook