ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിലുണ്ടായ തീപിടിത്തതില്‍ 17 പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ അര്‍പ്പിത് പാലസിന്റെ ഉടമയായ രാകേഷ് ഗോയലിനെ ആണ് ക്രൈംബ്രാഞ്ച് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്‍ഡിഗോ വിമാനത്തില്‍ ഖത്തറില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹം പിടിയിലായത്.

ഇയാള്‍ക്കെതിരെ വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗോയലിനെ കൂടാതെ ഹോട്ടല്‍ ജനറല്‍ മാനേജറെയും അസിസ്റ്റന്റ് മാനേജറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസിയില്‍ നിന്നുണ്ടായ ഷോർട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ഫൊറന്‍സിക് വിദഗ്‌ധര്‍ പറയുന്നത്. ഹോട്ടലിന് സുരക്ഷാ പിഴവ് പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മൂന്ന് മലയാളികള്‍ അടക്കം 17 പേരായിരുന്നു തീപിടിത്തത്തില്‍ മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ 13 അംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. ഈ സംഘത്തിലുള്ള നളിനിയമ്മ, വിദ്യാസാഗര്‍, ജയശ്രീ എന്നിവരാണ് മരിച്ചത്. ഒരു സ്ത്രീയും കുട്ടിയും തീപിടിത്തമുണ്ടായതോടെ ജനല്‍ വഴി പുറത്ത് ചാടിയതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് ഡല്‍ഹി അഗ്‌നിശമന സേന തലവന്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.

ചുരുങ്ങിയത് ഒമ്പത് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലു നില കെട്ടിടമായ ഹോട്ടലിലെ 35 മുറികള്‍ ഡല്‍ഹിയിലെ ഒരു കുടുംബം ബുക്ക് ചെയ്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരില്‍ മിക്കവരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യാന്ദ്ര ജെയിന്‍ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ