ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘പത്മാവതി’നെതിരെയുള്ള പ്രതിഷേധം പിന്‍വലിക്കാന്‍ രജ്പുത് കര്‍ണി സേനയുടെ ആഹ്വാനം. ചിത്രം രജ്പുത് വംശത്തിന്റെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നു പറഞ്ഞാണ് പ്രതിഷേധം പിന്‍വലിക്കാന്‍ കര്‍ണി സേന ആഹ്വാനം നടത്തിയത്.

കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗൊഗമാഡിയുടെ നിര്‍ദ്ദേശപ്രകാരം മുംബൈ നേതാവ് യോഗേന്ദ്ര സിങ് കട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച കര്‍ണി സേനയിലെ ചില അംഗങ്ങള്‍ ചിത്രം കണ്ടിരുന്നുവെന്നും ഇത് രജ്പുത് വംശത്തിന്റെ മഹത്വത്തെയും ത്യാഗത്തെയും ഉയര്‍ത്തിക്കാണിക്കുന്നുവെന്നും ഓരോ രജ്പുതിനും സിനിമ കണ്ടാല്‍ അഭിമാനം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

അലാവുദ്ദീന്‍ ഖില്‍ജിയും രാണി പത്മാവതിയും തമ്മിലുള്ള ബന്ധത്തെ രജ്പുതിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തിലല്ല സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും കത്തില്‍ യോഗേന്ദ്ര സിങ് കട്ടര്‍ പറയുന്നു. അതിനാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം പിന്‍വലിക്കാനും ആവശ്യപ്പെടുമെന്ന് കട്ടര്‍ പറഞ്ഞു.

പത്മാവത് എന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും രജ്പുത് വംശജരേയും റാണി പത്മാവതിയേയും അപമാനിക്കുന്നതാണെന്നും ആരോപിച്ച് രാജ്യത്താകമാനം കര്‍ണി സേന പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ‘പത്മാവതി’ എന്ന പേര് ‘പത്മാവത്’ ആക്കി മാറ്റിയത്.

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. കര്‍ണി സേന ഉള്‍പ്പെടെ നിരവധി ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കു നടുവിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ