scorecardresearch

വികസനം, മേമ്പൊടിയായി ഹിന്ദുത്വം; കര്‍ണാടകയില്‍ യുപിയുടെ വഴിയെ ബിജെപി

രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്കാണു തുടക്കമിടുന്നത്. പൂർത്തിയായ ഒട്ടേറെ പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും

വികസനം, മേമ്പൊടിയായി ഹിന്ദുത്വം; കര്‍ണാടകയില്‍ യുപിയുടെ വഴിയെ ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉത്തര്‍പ്രദേശ് മാതൃകയില്‍ കര്‍ണാടകയില്‍ തുടര്‍ഭരണത്തിനു വികസനവും ഹിന്ദുത്വവും ആയുധമാക്കാനൊരുങ്ങി ബിജെപി. വികസന അജന്‍ഡയെ ജനശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിന്റെ സുപ്രധാന ചുവടുവയ്പായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ പര്യടനം വിലയിരുത്തപ്പെടുന്നത്. ബി എസ് യെദ്യൂരപ്പയെ മാറ്റി ബസവരാജ് മുഖ്യമന്ത്രിയാക്കിയശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കര്‍ണാടക സന്ദര്‍ശനമാണിത്.

ഇന്ന് ബെംഗളുരുവിലെത്തിയ മോദി, നാളെ ഒരുകൂട്ടം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു തുടക്കം കുറിക്കുകയും പൂര്‍ത്തിയായവ രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്യും. മൈസൂരുവില്‍ നടക്കുന്ന ലോക യോഗാ ദിന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

”തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന ലാപ്പില്‍ പ്രധാനമന്ത്രിയിലൂടെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുകയെന്നത് എല്ലാ സംസ്ഥാനങ്ങളിലെയും ബിജെപി തന്ത്രമാണ്. കര്‍ണാടകയിലെ നിരവധി പദ്ധതികള്‍ അനാച്ഛാദനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തന്ത്രത്തിന്റെ ഭാഗമാണ്,” ഒരു ബിജെപി നേതാവ് പറഞ്ഞു.

30 വര്‍ഷത്തിലേറെയായി കടലാസില്‍ ഉറങ്ങിക്കിടക്കുന്ന 15,767 കോടി രൂപയുടെ ബെംഗളൂരു സബര്‍ബന്‍ റെയിലാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ പ്രധാനപ്പെട്ടത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും ഉപഗ്രഹ നഗരങ്ങളിലേക്കും ബഹുജന ഗതാഗത കണക്റ്റിവിറ്റി ലക്ഷ്യമിട്ടുള്ള പദ്ധതിക്കു പ്രധാനമന്ത്രി മോദി തറക്കല്ലിടും.

Also Read: Top news live updates: ചില തീരുമാനങ്ങൾ അന്യായമായി തോന്നുമെങ്കിലും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് അത് ആവശ്യമാണ്: പ്രധാനമന്ത്രി

മറ്റു രണ്ടു റെയില്‍വേ പദ്ധതികള്‍ക്കു കൂടി പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ 1,287 കോടി രൂപ ചെലവിലുള്ള, കൊങ്കണ്‍ റെയില്‍വെയുടെ 100 ശതമാനം വൈദ്യുതീകരണം ഉള്‍പ്പെടെ നാല് പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കും. ബെംഗളൂരുവിനു ചുറ്റുമായുള്ള അഞ്ച് ഹൈവേ ബന്ധിപ്പിക്കല്‍ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും. 186 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി 7,231 കോടി രൂപ ചെലവ് വരുന്നതാണ്.

ഇന്നു രാവിലെ 11.55 ഓടെയാണ് മോദി വ്യോമസേനയുടെ യെലഹങ്ക വ്യോമതാവളത്തില്‍ എത്തിയത്. തുടര്‍ന്ന്, ബ്രെയിന്‍ സെല്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനത്തിനായി അദ്ദേഹം ഹെലികോപ്റ്ററില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്കു പോയി. ഇന്‍ഫോസിസ് ലിമിറ്റഡ് സഹസ്ഥാപകനും മുന്‍ സിഇഒയുമായ ക്രിസ് ഗോപാലകൃഷ്ണന്‍ 450 കോടി രൂപ ചെലവില്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ടെക് സ്ഥാപനമായ മൈന്‍ഡ്ട്രീയുടെ ധനസഹായത്തോടെ സ്ഥാപിക്കുന്ന 850 കിടക്കകളുള്ള ഗവേഷണ ആശുപത്രിക്കു പ്രധാനമന്ത്രി തറക്കല്ലിടും.

4,736 കോടി രൂപ ചെലവില്‍ സാങ്കേതിക നവീകരണമുണ്ടായ 150 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. ബാബാ സാഹിബ് ഡോ. ബി.ആര്‍ അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് യൂനിവേഴ്സിറ്റി (ബേസ്) ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സംസ്ഥാന സര്‍ക്കാരാണു ഈ സ്ഥാപനം യാഥാര്‍ഥ്യമാക്കിയത്.

”ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ തീര്‍ച്ചയായും പ്രയോജനകരമാണ്. ഡല്‍ഹിയുടെ വാതിലുകള്‍ തുറന്നാല്‍ പല പദ്ധതികളും സുഗമമായി നടക്കും. നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതു ഡല്‍ഹിയിലാണ്, അത് അന്താരാഷ്ട്ര ഗേറ്റ്വേയാണ്. അടിസ്ഥാന സൗകര്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കാന്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനു മാത്രമേ കഴിയൂ,” പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ വികസന കാഴ്ചപ്പാടില്‍നിന്ന് സംസ്ഥാനത്തിനു നേട്ടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: സർക്കാർ വകുപ്പുകളിലും തസ്തികകളിലും വിമുക്തഭടന്മാരെ നിയമിക്കുന്നതിൽ വലിയ കുറവെന്ന് കണക്കുകൾ

ഈ വര്‍ഷമാദ്യം നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിതരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധതയെ മറികടക്കാന്‍ ഹിന്ദുത്വം ഉയര്‍ത്തിക്കാട്ടിയതിനൊപ്പം തന്നെ വികസന അജന്‍ഡയും ജാതി സ്വത്വങ്ങളെ മറികടക്കലും രക്ഷാകര്‍തൃ രാഷ്ട്രീയവും ബിജെപി പ്രയോഗിച്ച തന്ത്രങ്ങളായിരുന്നു.

ജാതി അധിഷ്ഠിരാഷ്ട്രീയം പരാജയപ്പെടുത്തിയെന്നതും ഹിന്ദുത്വ രാഷ്ട്രീയത്തെ ജനങ്ങള്‍ വലിയ രീതിയില്‍ അംഗീകരിച്ചുവെന്നതുമാണ് യുപി ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിധിയില്‍നിന്ന് കര്‍ണാടകയ്ക്ക് ലഭിച്ച വലിയ പാഠം ബൊമ്മൈ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു.

”മോദി ജിയുടെ പ്രശസ്തിയുടെ കരുത്ത് നമുക്കുണ്ട്. നമ്മുടെ പരിപാടികളുടെ ശക്തിയും സംഘടനയുടെ ശക്തിയും നമുക്കുണ്ട്. കൂട്ടായി പ്രവര്‍ത്തിച്ച് മുന്നോട്ടുപോയാല്‍ നമുക്ക് ആഖ്യാനവും അജണ്ടയും നിശ്ചയിക്കാന്‍ കഴിയും. 2023-ല്‍ നമ്മുടെ മാത്രം കരുത്തില്‍ നമുക്ക് അധികാരത്തില്‍ വരാനാവുമെന്ന് എനിക്ക് പൂര്‍ണ ആത്മവിശ്വാസമുണ്ട്,” എന്നാണു യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ച കര്‍ണാടകയില്‍നിന്നുള്ള ബിജെപി നേതാക്കളെ അഭിനന്ദിച്ചുകൊണ്ട് ബൊമ്മെ അന്ന് പറഞ്ഞത്.

അതേസമയം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വഹിച്ചെങ്കിലും ബെംഗളൂരുവില്‍ നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതു വൈകുകയാണ്. ”ഇനിയും നിരവധി പദ്ധതികള്‍ നടപ്പിലാക്കാനുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ സമ്മര്‍ദങ്ങളും രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും ഭരണപരമായ പോരായ്മകളും കാരണം ഈ പദ്ധതികളില്‍ ഭൂരിഭാഗവും തീരുമാകാതെ കിടക്കുന്നു. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകാന്‍ ഈ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത് അനിവാര്യമായതിനാല്‍ കര്‍ശനമായ നിരീക്ഷണം ആവശ്യമാണ്,” ഒരു ബിജെപി നേതാവ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnatka bjp infrastructure hindutva up way modi bommai