ബെംഗളുരു: അച്ഛനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി നൂറടി താഴ്ചയുള്ള കുഴല്ക്കിണറിലെറിഞ്ഞ സംഭവത്തില്‍ ഇരുപത്തിയൊന്നുകാരന് അറസ്റ്റില്‍. കര്‍ണാടക ബാഗല്‍കോട്ട് ജില്ലയിലെ മുധോളിലാണു സംഭവം.
മൃതദേഹം ഇരുപതിലധികം കഷ്ണങ്ങളാക്കിയെന്നാണു പൊലീസ് സംശയിക്കുന്നത്. എട്ടെണ്ണം മാത്രമേ കണ്ടെടുക്കാനായുള്ളൂ. ഇന്നു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് 30 അടിയോളം ആഴത്തില്‍ മണ്ണുനീക്കിയാണു മൃതദേഹ ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്.
മുധോളിലെ ഫാം ഹൗസില്‍ താമസിക്കുന്ന പരശുരാമ കുലാലി (54)യാണു കൊല്ലപ്പെട്ടത്. ഇളയ മകന് വിട്ടല കുളാലി (21)യെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പിതാവിനൊപ്പമാണു താമസിച്ചിരുന്നത്. പരശുരാമയുടെ ഭാര്യ സരസ്വതിയും മൂത്തമകനും ബാഗല്‍കോട്ട് ടൗണിലുമാണു താമസിച്ചിരുന്നത്.
ഡിസംബര്‍ ആറിനു രാത്രി നടന്ന സംഭവം 12നു പൊലീസ് ചോദ്യം ചെയ്യലിലാണു പുറത്തുവന്നത്. പരശുരാമയെ കാണാനിലെന്നു പറഞ്ഞ് സരസ്വതി പൊലീസ് പരാതി നല്‍കിയിരുന്നു. തിരോധാനത്തില്‍ വിട്ടലയുടെ പങ്ക് സംശയിച്ച നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതേത്തുടര്‍ന്നാണു യുവാവിനെ പൊലീസ് ചോദ്യം ചെയ്തതെന്നാണു വിവരം.
പിതാവ് മദ്യത്തിന് അടിമയായിരുന്നെന്നും മിക്കവാറും ദിവസങ്ങളില്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും വിട്ടല പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവദിവസം പിതാവ് ആക്രമിച്ചപ്പോള്‍ താന്‍ സ്വയം പ്രതിരോധത്തിനായി ഇരുമ്പുവടികൊണ്ട് നേരിടുകയായിരുന്നുവെന്നാണു വിട്ടലയുടെ മൊഴി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ പരശുരാമ സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഭയം മൂലവും അറസ്റ്റില്‍നിന്നു രക്ഷപ്പെടാനുമായാണു മൃതദേഹം കഷ്ണങ്ങളാക്കിയതെന്നു വിട്ടല മൊഴിനല്കിയായി പൊലീസ് പറഞ്ഞു.
”ചില ശരീരഭാഗങ്ങള്‍ ഞങ്ങള്‍ക്കു ലഭിച്ചു. ഡി എന്‍ എ ടെസ്റ്റ് നടത്തുന്നതില്‍ അവ പ്രധാനപ്പെട്ടതാണ്. ബാക്കിയുള്ള ഓപ്പറേഷന് ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ശരീരഭാഗങ്ങള്‍ സംസ്കരിക്കും,” ബാഗല്‍കോട്ട് എസ് പി ജയപ്രകാശ് ഇന്ത്യന്‍ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.