ബെംഗളൂരു: കർണാടകയിലെ ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന രമേഷ് ജര്‍ക്കിഹോളിയുമായി ബന്ധപ്പെട്ട വീഡിയോ വിവാദത്തിൽ പൊലീസിൽ പരാതി നൽകി യുവതിയുടെ മാതാപിതാക്കൾ. മകളെ കാണാനില്ലെന്ന് വ്യക്തമാക്കി ബെലഗാവി എപിഎംസി പൊലീസ് സ്‌റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകി.
ചൊവ്വാഴ്ച ബെലഗാവിയിലെ എപിഎംസി യാർഡ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, മാർച്ച് രണ്ടു മുതൽ മകളുമായി ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നു പിതാവ് പറയുന്നു. ബെംഗളൂരുവിലെ ഹോസ്റ്റലില്‍നിന്നാണ് മകളെ തട്ടിക്കൊണ്ടുപോയത്. അജ്ഞാതരായ ആളുകള്‍ വന്ന് മകളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന് ഇദ്ദേഹം പരാതിയില്‍ ആരോപിച്ചു. ഇവര്‍ തന്നെയാണ് മന്ത്രിയോടൊപ്പമുള്ള മകളുടെ വീഡിയോ പ്രചരിപ്പിച്ചതെന്നും പിതാവ് ആരോപിച്ചു.
അവസാനമായി മകളുമായി ബന്ധപ്പെട്ടപ്പോൾ ജീവൻ അപടകത്തിലാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ഫോണിൽ വിളിച്ചാൽ പോലും കിട്ടാത്ത അവസ്ഥയായി. വിവാദങ്ങൾ ആരംഭിച്ചപ്പോൾ മകളുമായി ഫോണിൽ സംസാരിക്കുകയും മെസേജുകൾ അയക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായ നിലയിലാണെന്നും മാതാപിതാക്കൾ പറഞ്ഞു.
അവസാനമായി മകളെ ബന്ധപ്പെട്ട സമയത്ത്, വീഡിയോ സൃഷ്ടിക്കുന്നതിനായി തന്റെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്നും താൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുറച്ച് സമയം മാറി നിൽക്കുകയാണെന്നും പറഞ്ഞതായി വീട്ടുകാർ പരാതിയിൽ പറയുന്നു.
യുവതിയെയും രണ്ട് മുൻ മാധ്യമ പ്രവർത്തകരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീഡിയോ സിഡി നിർമ്മിക്കുന്നതിനും മാധ്യമങ്ങൾക്ക് നൽകിയതിനും പിന്നിൽ സംഘടിത ശ്രമമാണ് നടന്നതെന്നും ജാർക്കിഹോളിയെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ശ്രമം നടന്നതായും പൊലീസ് പറഞ്ഞു.
“എല്ലാ പരിരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് പെൺകുട്ടിയോട് ഹാജരാകാനും മൊഴി നൽകാനും ഞങ്ങൾ നോട്ടീസ് ഒട്ടിച്ചു. അവരുടെ വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചു. ഇതുവരെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല,” ബെംഗളൂരുവിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രമേഷ് ജര്‍ക്കിഹോളിയുടെയുടെ രാജിയിലേക്ക് നയിച്ച വീഡിയോ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‍ലോഡ് ചെയ്‌തത് റഷ്യൻ ഐപി വിലാസത്തിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ജര്‍ക്കിഹോളിയെ കുടുക്കിയതാണോയെന്ന ആരോപണം ശക്തമാണ്.
വീഡിയോയിൽ യുവതിയുടെ മുഖം എഡിറ്റ് ചെയ്‌തിട്ടുണ്ടെന്നും യുവതിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ സത്യാവസ്ഥ വ്യക്തമാകൂവെന്നും പൊലീസ് പറയുന്നുണ്ട്. എന്നാൽ വീഡിയോയിലുള്ള യുവതിയുമായി ബന്ധപ്പെട്ട് യാതൊരു സൂചനയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.