ബെംഗളുരു: ഉഡുപ്പിയിലെ പെണ്‍കുട്ടികള്‍ക്കായുള്ള ഗവ. പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ ഒരു മാസത്തോളമായി തുടരുന്ന ഹിജാബ് (ശിരോവസ്ത്രം) വിരുദ്ധ നീക്കം കര്‍ണാടകയിലെ മറ്റു കോളജുകളിലേക്കും വ്യാപിച്ചു.
ഉഡുപ്പി ജില്ലയിലെ തന്നെ കുന്ദാപുരയിലെ പ്രീ-യൂണിവേഴ്സിറ്റി കോളേജിലും ഹിജാബിനെതിരെ ഇന്ന് പ്രതിഷേധം നടന്നു. കാവി ഷാള്‍ ധരിച്ച് ക്യാമ്പസിലെത്തിയ ഏതാനും ആണ്‍കുട്ടികള്‍, മുസ്ലിം പെണ്‍കുട്ടികളോട് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. 27 മുസ്ലിം പെണ്‍കുട്ടികളാണ് ഹിജാബ് ധരിച്ച് ക്യാമ്പസിലെത്തിയതെന്നാണു വിവരം.
വിഷയം സംബന്ധിച്ച് കുന്ദാപുര എം.എല്‍.എ ഹലാഡി ശ്രീനിവാസ് ഷെട്ടി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷുമായി സംസാരിച്ചു. പെണ്‍കുട്ടികളെ ഹിജാബ് ധരിക്കാതെ കോളജിലേക്കു വിടണമെന്നു അവരുടെ മാതാപിതാക്കളോട് എംഎല്‍എ അഭ്യര്‍ഥിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ശിവമോഗ ജില്ലയിലെ ഭദ്രാവതിയില്‍ സര് എംവി ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് കോളജിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് കാമ്പസിലെത്തി ഹിജാബ് നിരോധിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
അതിനിടെ, ഹിജാബ് ധരിച്ച് ക്യാമ്പസില്‍ പ്രവേശിക്കുന്നതു വിലക്കിയതിനെതിരെ ഉഡുപ്പി ഗവ. പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹിജാബ് ധരിച്ചെത്തിയ ആറു പെണ്‍കുട്ടികള്‍ക്കു കോളജ് അധികൃതര്‍ ചൊവ്വാഴ്ച പ്രവേശനം നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു രേഷം ഫാറൂഖ് എന്ന വിദ്യാര്‍ഥിനി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Also Read: ‘രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയില്‍’; 37 നേതാക്കള്‍ക്ക് കത്തെഴുതി സ്റ്റാലിന്
ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം, ഭരണഘടനയുടെ 14, 25 അനുച്ഛേദങ്ങള്‍ പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും അത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമാണെന്നും രേഷം ഫാറൂഖ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്നു. തങ്ങള്‍ ഇസ്ലാം മത വിശ്വാസികളായത് കൊണ്ട് തങ്ങളെ ഒറ്റപ്പെടുത്തുകയാണെന്നും കോളേജില്‍ പ്രവേശിക്കുന്നത് വിലക്കുന്നത് വഴി വിദ്യാഭ്യാസത്തിനുള്ള തങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുകയാണെന്നും വിദ്യാര്‍ഥിനി ഹരജിയില്‍ പറയുന്നു.
നേരത്തെ, ഹിജാബ് ധരിച്ചെത്തിയ ഏഴ് വിദ്യാര്‍ത്ഥിനികള്‍ക്കു ക്ലാസുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. തുടര്‍ന്ന്, ചില വിദ്യാര്‍ത്ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ക്യാമ്പസ് പൂട്ടുന്നതു വരെ ഒരു മാസത്തോളം ഇവര്‍ക്കു പ്രവേശനം ലഭിച്ചിരുന്നില്ല. ക്യാമ്പസ് തുറന്നതിനു പിന്നാലെയാണ് പുതിയ സംഭവം.
ഹിജാബ് വിവാദം ജനുവരി ആദ്യം മുതല്‍ കര്‍ണാടകയില്‍ കത്തിപ്പടരുകയാണ്. സംസ്ഥാനത്തുടനീളമുള്ള പ്രീ-യൂണിവേഴ്സിറ്റി കോളേജുകളുടെ യൂണിഫോം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുന്നതുവരെ തല്‍സ്ഥിതി തുടരാന്‍ ജനുവരി 25നു പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
ബാല്‍ഗഡിയിലെ സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ ജനുവരി ആദ്യവാരം സമാനപ്രതിഷേധം നടന്നിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ കാവി ഷാള്‍ അണിഞ്ഞ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.