ബെംഗളൂരു: ജെഡിഎസ്- കോൺഗ്രസ് സഖ്യ സർക്കാർ ഇന്ന് കർണാടകത്തിൽ വിശ്വാസ വോട്ട് തേടും. 222 അംഗ സഭയിൽ 112 വോട്ടാണ് വിശ്വാസ വോട്ടിനായി വേണ്ടത്. ബിജെപിക്ക് 104 ഉം ഭരണപക്ഷത്തിന് 118 അംഗങ്ങളുടെയും പിന്തുണയാണ് ഉളളത്.
മുൻ സ്പീക്കർ കെ.ആർ.രമേഷ് കുമാറിനെയാണ് കോൺഗ്രസ് സ്പീക്കർ സ്ഥാനത്തേക്ക് മൽസരിപ്പിക്കുന്നത്. അതേസമയം മുതിർന്ന അംഗം സുരേഷ് കുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി. കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാരെ ഇപ്പോഴും ഹോട്ടലിലും റിസോർട്ടിലുമായി പാർപ്പിച്ചിരിക്കുകയാണ്. ഇവരെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എംഎൽഎമാർ ബെംഗളൂരു നഗരത്തിലെ അത്യാഡംബര ഹോട്ടലിലും റിസോർട്ടിലുമാണ് താമസിക്കുന്നത്. കഴിഞ്ഞ ഒൻപത് ദിവസമായി എംഎൽഎമാർ ഹോട്ടലിലാണ് കഴിയുന്നത്. ദൊലുറിലെ ഹിൽട്ടൺ എംബസി ഗോൾഫ്ലിങ്ക്സ് ഹോട്ടലിലാണ് കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്.
അതേസമയം ബെംഗളൂരു നഗരത്തിന്റെ പ്രാന്ത പ്രദേശമായ ദേവനഹളളിയിൽ പ്രസ്റ്റീജ് ഗോൾഫ്ഷെയർ റിസോർട്ടിലാണ് ജെഡിഎസ് എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പ് കഴിയുന്നത് വരെ എംഎൽഎമാരെ ഹോട്ടലിലും റിസോർട്ടിലും തന്നെ പാർപ്പിക്കാനാണ് തീരുമാനം. എംഎൽഎമാർ തടവിലാണെന്നാണ് ചിലർ പറയുന്നത്. ഇതാണോ തടവ്. ഏറ്റവും ആഡംബരമായ ഹോട്ടലിലാണ് അവരെ പാർപ്പിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് ഒരിക്കലും പണം ചിലവിട്ട് തങ്ങാൻ പറ്റാത്തിടത്താണെന്ന് പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ പേര് വെളിപ്പെടുത്താത്ത കോൺഗ്രസ് നേതാവ് പറഞ്ഞു.
എംഎൽഎമാരുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞാൽ എംഎൽഎമാർ സ്വന്തം മണ്ഡലങ്ങളിലേക്ക് തിരികെ പോകുമെന്ന് ജെഡിഎസ് മീഡിയ സെൽ കൺവീനർ സദാനന്ദ പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച യെഡിയൂരപ്പയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കർണാടകത്തിൽ ജെഡിഎസും കോൺഗ്രസും എംഎൽഎമാരെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ആരോപിച്ചത്.