/indian-express-malayalam/media/media_files/uploads/2019/09/DK-Sivakumar.jpg)
File Photo
കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാരിലെ ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെതിരെ മുൻ ബി ജെ പി സർക്കാർ സി ബി ഐ അന്വേഷണത്തിന് നൽകിയ അനുമതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ബിഎസ് യെദ്യൂരപ്പയുടെ കീഴിലുള്ള മുൻ ബിജെപി സർക്കാർ നാല് വർഷം മുമ്പ് കോൺഗ്രസ് നേതാവായ ഡികെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാൻ സി ബി ഐഅന്വേഷണത്തിന് നൽകിയ അനുമതി പിൻവലിക്കാനാണ് തീരുമാനം.
ബി ജെ പി സർക്കാർ സി ബി ഐ അന്വേഷണത്തിന് നൽകിയ അനുമതി നിയമപ്രകാരമല്ലെന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് മന്ത്രിസഭ പിൻവലിക്കൽ തീരുമാനമെടുത്തത്.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച ഭരണപരമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സംസ്ഥാന നിയമമന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു.
ബി ജെ പി സർക്കാർ നൽകിയ അന്വേഷണ അനുമതിയെ ചോദ്യം ചെയ്ത് ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ അടുത്ത വാദം നവംബർ 29 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നതിനിടയിലാണ് സംസ്ഥാന സർക്കാർ അന്വേഷണ അനുമതി പിൻവലിക്കാൻ തീരുമാനിച്ചത്.
2020 ഒക്ടോബറിൽ 74 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ശിവകുമാറിനെതിരെ സിബിഐ കേസെടുത്തിരുന്നു. 2017ൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്തി. അതിന് ശേഷമാണ് 2019ൽ ബിജെപി സർക്കാർ അനുമതി നൽകിയിരുന്നു.പിന്നീടാണ് 2020 ഒക്ടോബറിൽ സി ബി ഐ കേസ് എടുത്തത്.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. എന്നാൽ, മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് നിർദേശം നൽകി.
2018-ൽ കൊണ്ടുവന്ന അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം സർക്കാർ അനുമതി ലഭിക്കാത്തത്, രാഷ്ട്രീയ പകപോക്കൽ, മൂന്ന് വർഷമായി നീണ്ടുനിൽക്കുന്ന കേസിന്റെ അന്വേഷണം തുടങ്ങി വിവിധ കാരണങ്ങളാണ് ശിവകുമാർ കേസ് റദ്ദാക്കാൻ ചൂണ്ടിക്കാട്ടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.