ബെംഗളുരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി വിദേശത്തേക്കു പോകാന്‍ ഇടയാക്കിയ നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുതയെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക. റിപ്പോര്‍ട്ടിന്റെ സാധുത കണ്ടെത്തുന്നതിനു പൊലീസില്‍ പരാതി നല്‍കാന്‍ ബെംഗളുരു കോര്‍പറേഷന്‍ അധികൃതര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിയാറുകാരന്‍ കോവിഡ് സ്ഥിരീകരിച്ച് ഏഴു ദിവസത്തിനുള്ളിലാണ് ഇന്ത്യ വിട്ടത്. ഒരു സ്വകാര്യ ലാബില്‍നിന്നുള്ള നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
”ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള യാത്രക്കാരന്, രാജ്യം വിടാന്‍ അനുവദിച്ച കോവിഡ് -19 ടെസ്റ്റ് റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കാന്‍ പൊലീസിനു പരാതി നല്‍കാന്‍ ബൃഹത് ബെംഗളുരു മഹാനഗര പാലിക (ബിബിഎംപി) കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,” കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക് പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിര്‍ന്ന മന്ത്രിമാര്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നവംബര്‍ 20 ന് ബെംഗളൂരുവിലെത്തിയ യാത്രക്കാരന്‍ വിമാനത്താവളത്തിലെ കോവിഡ് പരിശോധനയില്‍ പോസിറ്റീവാവുകയായിരുന്നു. സെന്‍ട്രല്‍ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച ഇദ്ദേഹത്തിന് 23നാണ് സ്വകാര്യ ലാബില്‍നിന്ന് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങാന്‍ അനുവദിക്കുകയായിരുന്നു. 27 ന് ദുബായ് വഴിയാണ് ഇയാള്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയത്.
Also Read: Omicron | ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങൾ: ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടികൾ ഇവയാണ്
”സാഹചര്യം തെറ്റായി കൈകാര്യം ചെയ്തിരിക്കുകയാണ്. കോവിഡ് പരിശോധനാ ഫലം ലാബ് ശരിയായ രീതിയിലാണോ അല്ലയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് ആഗ്രഹിക്കുന്നു,” മന്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പൗരനില്‍നിന്ന് എടുത്ത സാമ്പിളുകളുടെ ജനിതക ശ്രേണീകരണ പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ 24 പ്രാഥമിക സമ്പക്കര്‍ക്ക വ്യക്തികളും 240 ദ്വിതീകയ സമ്പര്‍ക്ക വ്യക്തികളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ നാല്‍പ്പത്തിയാറുകാരനായ ഡോക്ടറാണ്. ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ല. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനയ്ക്കു വിധേയമാകുന്നുണ്ട്.