ബെംഗളൂരു: ബിജെപി യുവ മോര്‍ച്ച പ്രവര്ത്തകന് പ്രവീണ്‍ നാട്ടാരുടെ കൊലപാതകത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറും. കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
“അന്വേഷണം പുരോഗമിക്കുകയാണ്. പ്രവീണിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്നും സംശയിക്കുന്നു. അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവീണിന്റെ കൊലപാതകത്തില്‍ ഹിന്ദുത്വ സംഘടനകളും ബിജെപിയിലെ പലരും എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കില്‍ വച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു പ്രവീണിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, എട്ട് ദിവസത്തിനിടെ ജില്ലയിലെ മൂന്നാമത്തെ കൊലപാതകവും റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിമൂന്നുകാരനായ മുഹമ്മദ് ഫൈസലാണ് വ്യഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പ്രവീണിന്റെ കൊലപാതകത്തിന് മുന്‍പ് മസൂദ് എന്നൊരു യുവാവും കൊല്ലപ്പെട്ടിരുന്നു.
മൂന്ന് കൊലപാതകങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഞങ്ങളെ സംബന്ധിച്ച് ഓരോരുത്തരുടേയും ജീവന് പ്രധാനമാണ്. അന്വേഷണം തുടരുകയാണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. സാമൂഹിക വിരുദ്ധ ശക്തികൾക്ക് രാഷ്ട്രീയ പ്രേരണയുമുണ്ട്. ഈ സംഭവങ്ങൾക്ക് ഒന്നിലധികം മാനങ്ങളുണ്ട്. മസൂദിന്റെ കൊലയാളികൾ അറസ്റ്റിലായി. മറ്റ് രണ്ട് കേസുകളിലെ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉഡുപ്പിയിലും ദക്ഷിണ കന്നഡയിലും സ്വീകരിക്കേണ്ട നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.