ഹിജാബ് ധരിച്ചെന്നാരോപിച്ച് 25ഓളം മുസ്ലീം വിദ്യാർത്ഥിനികൾക്ക് കർണാടകയിലെ കോളേജിൽ പ്രവേശനം നിഷേധിച്ചു. നേരത്തെ, ഉഡുപ്പി ജില്ലയിലെ ഒരു സർക്കാർ കോളേജിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് ക്ലാസുകളിൽ പോകുന്നത് വിലക്കിയിരുന്നു. ഈ പ്രശ്നം പിന്നീട് മറ്റ് കോളേജുകളിലേക്കും വ്യാപിച്ചു.
ഉഡുപ്പി ജില്ലയിലെ കുന്ദാപുര സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ മുസ്ലീം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചതിനെ എതിർത്ത് ഹിന്ദു വിദ്യാർത്ഥികൾ കാവി ടവൽ ധരിച്ച് ബുധനാഴ്ച കോളേജിലെത്തിയിരുന്നു. തുടർന്ന് കുന്ദാപുരയിലെ ബിജെപി എംഎൽഎ ഹലാഡി ശ്രീനിവാസ് ഷെട്ടി വിളിച്ചുചേർത്ത യോഗത്തിലാണ് ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികളുടെ പ്രവേശനം നിരോധിക്കാൻ തീരുമാനിച്ചത്.
വ്യാഴാഴ്ച ഹിജാബ് ധരിച്ച മുസ്ലീം വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പലും മറ്റ് ഉദ്യോഗസ്ഥരും കോളേജ് ഗേറ്റിൽ തടഞ്ഞ. ശിരോവസ്ത്രം അഴിച്ചുമാറ്റിയാൽ മാത്രമേ കാംപസിലേക്ക് പ്രവേശിക്കാൻ കഴിയൂ എന്ന് അവരോട് പറയുകയും ചെയ്തു. ഈ നടപടിയെ എതിർത്ത വിദ്യാർഥികൾ എന്തിനാണ് ഇങ്ങനെയൊരു നിയമം പെട്ടെന്ന് നടപ്പാക്കിയതെന്ന് അധികൃതരോട് ചോദിക്കുകയും ചെയ്തു.
സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ രാമകൃഷ്ണയുടെ പ്രതികരണം ലഭ്യമല്ല. എല്ലാൽ , ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ താൻ വകുപ്പിന്റെ ഉത്തരവുകൾ പാലിക്കുകയാണ് എന്ന് അദ്ദേഹം പറയുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർത്ഥികളെ ശിരോവസ്ത്രം ധരിക്കാതെ അയയ്ക്കാൻ ബുധനാഴ്ചല രക്ഷിതാക്കളുടെ യോഗം വിളിച്ചതായി കോളേജിലെ ഒരു മുസ്ലീം വിദ്യാർത്ഥി പറഞ്ഞു. ആ തീരുമാനം രക്ഷിതാക്കൾ അംഗീകരിച്ചിരുന്നില്ല. പിന്നീട് കാവി ഷാൾ ധരിച്ച് ക്ലാസിൽ കയറുമെന്ന് ഹിന്ദു വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതോടെ കോളജിൽ സമ്മർദമുണ്ടായെന്നും ഹിജാബ് നിരോധിക്കുകയായിരുന്നെന്നും വിദ്യാർഥി പറഞ്ഞു. “ഇത്രയും വർഷമായി ഞങ്ങൾ ഹിജാബ് ധരിച്ചാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്, എന്നാൽ ഒറ്റ ദിവസം ഈ നിയമം നടപ്പിലാക്കി,” വിദ്യാർത്ഥി പറഞ്ഞു.
എംഎൽഎ ഷെട്ടിയുടെ നേതൃത്വത്തിലുള്ള കോളേജ് ഡെവലപ്മെന്റ് മോണിറ്ററിംഗ് കമ്മിറ്റി (സിഡിഎംസി) ആണ് ഹിജാബ് നിരോധിക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് കോളേജ് അധികൃതർ പറയുന്നത്. അതിനിടെ, മുസ്ലീം വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി പ്രീ-യൂണിവേഴ്സിറ്റി ഗവൺമെന്റ് ഗേൾസ് കോളേജിലെ വിദ്യാർത്ഥിനി സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിക്കും.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ട് സമുദായങ്ങളുടെ യുദ്ധക്കളമാകരുതെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. “ഇതൊരു പാവനമായ സ്ഥലമാണ്, ഓരോ വിദ്യാർത്ഥിക്കും തുല്യത അനുഭവപ്പെടണം. ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കുന്നു. പുറത്തുവരുന്നത് നോക്കാം. അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും അടുത്ത അധ്യയന വർഷം മുതൽ അത് പിന്തുടരുകയും ചെയ്യാം,” മന്ത്രി പറഞ്ഞു.