ബെംഗളൂരു: കര്‍ണാടകയിലെ ഭരണപ്രതിസന്ധി തുടരുന്നു. രാജി വച്ച വിമത എംഎല്‍എമാരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്ന് കര്‍ണാടക സ്പീക്കര്‍. ആകെ ലഭിച്ച 13 രാജിക്കത്തുകളില്‍ എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചുള്ളതല്ലെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ പറഞ്ഞു. ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി മാത്രമേ തീരുമാനം എടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് എംഎല്‍എമാരുടെ രാജിക്കത്താണ് നടപടിക്രമം പാലിച്ചുള്ളത്. രാജി കാരണം നേരിട്ടെത്തി തന്നെ അറിയിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീക്കര്‍ നിലപാട് പരസ്യപ്പെടുത്തിയതോടെ കര്‍ണാടകയിലെ ഭരണപ്രതിസന്ധി തുടരുകയാണ്.

Read Also: കര്‍ണാടകയിലേത് കുതിരക്കച്ചവടം; രാഹുലും സോണിയയും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

അതേസമയം, സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമില്ലെന്നാണ് ബിജെപി വാദം. നിയമസഭാ സാമാജികരുടെ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും ജനാധിപത്യ വ്യവസ്ഥയെ പണം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആരോപിച്ചു. ശൂന്യവേളയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചത്. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്വതന്ത്ര എംഎല്‍എമാരെ രാജിവയ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook