ബെംഗലൂരു: കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച കോൺഗ്രസ് ബിജെപി നേതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംസ്ഥാനത്തെ 17 ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകളിൽ ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ 17 ബിജെപി നേതാക്കൾക്കെതിരെ ലോകായുക്തയിലും അഴിമതി നിരോധന ബ്യൂറോയിലും ലഭിച്ച പരാതികളിലാണ് തുടർനടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. പരാതികളിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അടക്കം ഈ 17 അംഗ പട്ടികയിലുണ്ട്. ഇതോടെ അടിക്ക് തിരിച്ചടി മറുപടി എന്ന മട്ടിലായി കാര്യങ്ങൾ. നേരത്തേ ഡി.കെ.ശിവകുമാറിനെതിരായ അന്വേഷണം കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാനത്ത് സമ്മർദ്ദത്തിലായ കോൺഗ്രസ്, ബിജെപിയെ ഒന്നടങ്കം പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ്.

ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായി കർണ്ണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത 15 കേസുകളിൽ സുപ്രീം കോടതിയെ സമീപിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിന് പുറമേ 2001 മുതൽ അനുവദിച്ച ഖനന അനുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ജനതാദൾ എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി അടക്കമുള്ള നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശക്തമായ നിലപാടിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപിക്കെതിരായ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ