ന്യൂഡല്‍ഹി : പത്മശ്രീ ലഭിച്ച കര്‍ണാടകക്കാരനായ സ്വാമി സിദ്ധേശ്വര്‍ പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. താനൊരു സന്യാസി ആയതിനാല്‍ പുരസ്കാരങ്ങളില്‍ തത്പരനല്ല എന്ന്‍ പറഞ്ഞുകൊണ്ടായിരുന്നു പത്മശ്രീ ജേതാവിന്‍റെ കത്ത്.

ജനുവരി 26നു അയച്ച കത്തില്‍ തന്നെ നന്ദി പ്രകടിപ്പിച്ച ജ്ഞാന യോഗാശ്രമം സന്യാസി തന്നെ അംഗീകരിച്ചതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് നന്ദിയും രേഖപ്പെടുത്തിക്കൊണ്ടാണ് പുരസ്കാരം നിഷേധിച്ചത്.

” എനിക്ക് പത്മശ്രീ പുരസ്കാരംനല്‍കിയതില്‍ ഞാന്‍ സര്‍ക്കാരിനോട്‌ കൃതാര്‍ത്ഥത അറിയിക്കുന്നു. താങ്കളോടും സര്‍ക്കാരിനോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ പുരസ്കാരം സ്വീകരിക്കുന്നതില്‍ എനിക്കുള്ള വിമുഖത അറിയിച്ചുകൊള്ളുന്നു. ഒരു സന്യാസി എന്ന നിലയില്‍ എനിക്ക് പുരസ്കാരങ്ങളില്‍ അധികം താത്പര്യമില്ല. ഏറെ ബഹുമതി കല്‍പ്പിക്കുന്ന പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാത്ത എന്‍റെ തീരുമാനത്തെ താങ്കള്‍ സ്വാഗതം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” സിദ്ധേശ്വര്‍ സ്വാമി എഴുതി.

കര്‍ണാടകത്തില്‍ വലിയ പിന്തുടര്‍ച്ചയുള്ള ആത്മീയ ഗുരുവാണ് സിദ്ധേശ്വര്‍ സ്വാമി. ആത്മീയതയെ കുറിച്ച് ധാരാളം പുസ്തകങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന്‍റെ ആത്മീയ ദര്‍ശനങ്ങളുടെ അംഗീകാരമായാണ് പത്മശ്രീ പുരസ്കാരം നല്‍കുന്നത്.

പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, പത്മ ശ്രീ എന്നീ മൂന്ന് വിഭാഗങ്ങളായാണ് പത്മാ പുരസ്കാരങ്ങള്‍. എണ്‍പത്തി അഞ്ച് പേര്‍ക്കാണ് ഈ വര്‍ഷം പത്മാ പുരസ്കാരം ലഭിച്ചത്. ഇതില്‍ പതിനാറുപേര്‍ എന്‍ആര്‍ഐകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ