ബാംഗ്ലൂർ: പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വ്യാപനം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക സർക്കാർ. കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടി-പിസിആർ പരിശോധനാ ഫലം നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇതുകൂടാതെ കഴിഞ്ഞ പതിനാറു ദിവസത്തിനിടയിൽ കേരളത്തിൽ നിന്നുമെത്തിയ വിദ്യാർത്ഥികൾ വീണ്ടും ആർടി-പിസിആർ പരിശോധന ചെയ്യണം. ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവായി ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾ ഏഴ് ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തണം.
കേരളത്തിനു പുറമെ മഹാരാഷ്ട്രയിൽ നിന്നുള്ളവർക്കും ആർടിപിസിആർ ഫലം നിർബന്ധമാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.
രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി എത്രയും വേഗം വാക്സിൻ എടുക്കുന്നതിന് ക്യാമ്പയിൻ നടത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
സ്കൂളുകളിലെയും കോളേജുകളിലെയും സാംസ്കാരിക പരിപാടികൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്താനും സർക്കാർ ഓഫീസുകൾ, മാളുകൾ, ഹോട്ടലുകൾ, സിനിമാശാലകൾ, മൃഗശാലകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് രണ്ടാം ഡോസ് വാക്സിനേഷൻ നിർബന്ധമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Also Read: ഒമിക്രോൺ: രാജ്യാന്തര യാത്രാ ഇളവുകൾ വിശകലനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നിർദേശം