ബെംഗളൂരു: കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ റോഡിന് മഹാത്മ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയുടെ പേര് നല്‍കിയതില്‍ വ്യാപക വിമര്‍ശനം. പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസിന്റേയും പ്രദേശിക ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ബോര്‍ഡ് നീക്കം ചെയ്തു.
കാർക്കള താലൂക്കിലെ ബൊല ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിരുന്ന സൈൻ ബോർഡ് സംസ്ഥാനത്തുടനീളമുള്ള ജില്ലാ പഞ്ചായത്തുകൾ സാധാരണയായി ഉപയോഗിക്കുന്ന അതേ മാതൃകയിലായിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും വൈറലായതോടെ പ്രതിഷേധം ഉയര്‍ന്നത്.
തിങ്കളാഴ്ച രാവിലെയാണ് സൈൻബോർഡ് തന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നും ബോലയിലെ പഞ്ചായത്ത് വികസന ഓഫീസർ രാജേന്ദ്ര പറഞ്ഞു. റോഡിന് ഗോഡ്സെയുടെ പേരിടാൻ പഞ്ചായത്തോ അധികാരികളോ ഒരു പ്രമേയവും പാസാക്കിയിട്ടില്ലെന്നും കാർക്കള റൂറൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് സൈൻബോർഡ് സ്ഥാപിച്ചതെന്നാണ് ജനങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറയുന്നു. പക്ഷെ പൊതുജനത്തിന്റെ ശ്രദ്ധയില്‍ കാര്യങ്ങളെത്തിയത് തിങ്കളാഴ്ചയാണെന്നും പൊലീസ് അറിയിച്ചു.
Also Read: വാരണാസി സ്ഫോടനക്കേസ്: മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ