ബെംഗളൂരു: സസ്‌പെന്‍സ് വിടാത്ത കന്നഡ രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഉറ്റുനോക്കി രാജ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയും ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യവും ഒരേപോലെ നീക്കം തുടങ്ങി. ഇരു കക്ഷികളും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനാവില്ലെന്ന നിലയെത്തിയതോടെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി പുറത്ത് നിന്ന് പിന്തുണയ്ക്കാനായിരുന്നു കോൺഗ്രസിന്റെ ആദ്യ നീക്കം. എന്നാൽ പുറത്ത് നിന്നുള്ള പിന്തുണ വേണ്ടെന്നും സർക്കാരിന്റെ ഭാഗമാകണമെന്നും കുമാരസ്വാമി ആവശ്യപ്പെടുകയായിരുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനും കോൺഗ്രസിന് രണ്ട് ഉപമുഖ്യമന്ത്രി, 20 മന്ത്രിമാർ എന്നിങ്ങനെ വീതിക്കാനുമാണ് സഖ്യധാരണ. ജനതാദളിന് നിരുപാധിക പിന്തുണയാണ് നൽകുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മൽസരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ രൂപീകരിക്കുന്നതിന് ബുധനാഴ്ച വീണ്ടും കോൺഗ്രസ് എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കുമാരസ്വാമി വ്യക്തമാക്കി. 104 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 78 സീറ്റ് നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് എത്തി. 38 സീറ്റുമായി ജെഡിഎസ് ആണ് മൂന്നാം സ്ഥാനത്ത്. മറ്റുള്ളവര്‍ രണ്ട് സീറ്റ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook