ബെംഗളൂരു: കർണാടകയിലെ 14 എംഎൽഎമാരെ കൂടി സ്‌പീക്കർ കെ.ആർ.രമേശ് കുമാർ അയോഗ്യനാക്കി. രാജിവച്ച 13 എംഎൽഎമാരെയും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയുമാണ് സ്‌പീക്കർ അയോഗ്യനാക്കിയത്. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് തിങ്കളാഴ്​ച നടക്കുന്ന​ വിശ്വാസ വോ​ട്ടെടുപ്പിൽ പ​ങ്കെടുക്കാൻ സാധിക്കില്ല.

കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. നേരത്തെ 3 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ എണ്ണം 17 ആയി.

എംഎൽമാരുടെ രാജി ചട്ടപ്രകാരമല്ലെന്ന് സ്‌പീക്കർ പറഞ്ഞു. ഇവർക്കെതിരെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക്​ പരാതിയും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക്​ സുപ്രീംകോടതിയെ സമീപിക്കാമെന്നും സ്​പീക്കർ അറിയിച്ചു.

കർണാകടത്തിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്‌പീക്കറുടെ നടപടിയെന്നതും ശ്രദ്ധേയമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അയോഗ്യരായ എംഎൽഎമാർ സഭയിൽ ഇല്ലെങ്കിലും ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കും. കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. തിങ്കളാഴ്ച വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാർ രൂപീകരിക്കാൻ അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാരായിരിക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യെഡിയൂരപ്പ പ്രതികരിച്ചത്. അടുത്ത സര്‍ക്കാരിന് ആശംസകള്‍ അറിയിച്ചതല്ലാതെ, മറ്റൊന്നും പറയാന്‍ എച്ച്.ഡി.കുമാരസ്വാമി തയ്യാറായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook