ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഞായറാഴ്ച നന്ദിനി സ്റ്റോർ സന്ദർശിച്ചത് കർണാടകയിലെ അമുൽ-നന്ദിനി തർക്കം രൂക്ഷമാക്കി. നന്ദിനി ക്ഷീരസഹകരണ സംഘത്തെ സംസ്ഥാനത്തിന്റെ അഭിമാനമെന്ന്, കോൺഗ്രസ് വിശേഷിപ്പിച്ചപ്പോൾ ബിജെപി ഈ നീക്കം ഒരു “തന്ത്രം” ആയി തള്ളിക്കളഞ്ഞു.
കോലാറിലെ റാലി കഴിഞ്ഞ്, മണിക്കൂറുകൾക്കുശേഷമാണ് രാഹുൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനൊപ്പം നന്ദിനി മിൽക്ക് പാർലറിലേക്ക് പോയത്. പിന്നീട് അവിടെനിന്നുള്ള ചിത്രവും ട്വീറ്റ് ചെയ്തു. “കർണാടകയുടെ അഭിമാനം – നന്ദിനിയാണ് ഏറ്റവും മികച്ചത്,” രാഹുൽ പറഞ്ഞു.
ബിജെപിയും ട്വീറ്റിലൂടെ തന്നെ തിരിച്ചടിച്ചു. “രാഹുൽ ഗാന്ധി നന്ദിനിയാണ് മികച്ചതെന്ന് കരുതുന്നതിൽ സന്തോഷമുണ്ട്. അതിൽ യാതൊരു സംശയവുമില്ല. കേരളത്തിലും നന്ദിനിയുടെ സുഗമമായ വിൽപ്പനയ്ക്കായി ഇടപെടണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. ഇല്ലെങ്കിൽ, ഇത് മറ്റൊരു തന്ത്രം ആയിരിക്കും, ”ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
നന്ദിനിയുടെ വരവിനായി രാഹുൽ ഗാന്ധി കേരളത്തിൽ പരസ്യ പ്രഖ്യാപനം നടത്തുന്നതിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏപ്രിൽ 15ന്, നന്ദിനിയുടെ കേരളത്തിലെ ചില്ലറ വിൽപ്പനയിൽ കേരളത്തിന്റെ ക്ഷീര സഹകരണസംഘം ആശങ്കകൾ ഉന്നയിച്ചിരുന്നു. അതിന്റെ വിൽപ്പന നമ്മുടെ താൽപര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കേരളം പറഞ്ഞിരുന്നു.
“നിങ്ങളുടെ പൂർവ്വികർ തങ്ങളുടെ പേരുകൾ നൽകി ബ്രാൻഡുകൾ നിർമ്മിച്ചതിൽനിന്ന് വ്യത്യസ്തമായി, മോദി വന്നശേഷം തമിഴ്നാട്ടിൽ ആവിൻ, കർണാടകയിലെ നന്ദിനി തുടങ്ങിയ പ്രാദേശിക ബ്രാൻഡുകളുടെ കുതിപ്പ് കാണുന്നു. ആത്മ നിർഭർ ഭാരതിൽ ഈ ബ്രാൻഡുകളെല്ലാം രാജ്യാന്തര ബ്രാൻഡുകളാക്കി മാറ്റുകയാണ്,” തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു.
നന്ദിനി ഒരു ബ്രാൻഡ് മാത്രമല്ല, കന്നഡ ജനതയുടെ അഭിമാനമാണ്. ഏകദേശം 26 ലക്ഷം കർഷകർ കർണാടക മിൽക്ക് ഫെഡറേഷന്റെ ഭാഗമാണ്. 20,000 കോടി രൂപ വരുമാനം ഉണ്ടാക്കുന്നു. നന്ദിനിയാണ് മികച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബി.വൈ.ശ്രീനിവാസ് പറഞ്ഞു.
നന്ദിനിയാണ് മികച്ചത്. ബിജെപിക്ക് അത് തകർക്കാൻ കഴിയില്ലെന്ന് ചിത്രം ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവും പാർട്ടിയുടെ കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാല പറഞ്ഞു.
ബെംഗളൂരുവിലെ പാൽ വിപണിയിൽ അമുലിന്റെ പ്രവേശനം പ്രഖ്യാപിച്ചതോടെയാണ് സഹകരണ സംഘങ്ങൾ തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. നന്ദിനിയെ അമുലുമായി ലയിപ്പിക്കാൻ ബിജെപി സർക്കാർ ശ്രമങ്ങൾ നടത്തുകയാണെന്നും ഇത് കർണാടക മിൽക്ക് ഫെഡറേഷന്റെ ബ്രാൻഡിനെ ദോഷകരമായി ബാധിക്കുമെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.