ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെത്തുടർന്ന് ബിജെപി വിട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഞായറാഴ്ച എംഎൽഎ സ്ഥാനം രാജിവച്ച മുതിർന്ന ബിജെപി നേതാവായ ജഗദീഷ് ഷെട്ടർ, തിങ്കളാഴ്ച രാവിലെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വം നേടി.
ഹൂബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് തനിക്ക് ടിക്കറ്റ് നിഷേധിച്ച ബിജെപി നേതൃത്വം തന്നോട് പെരുമാറിയ രീതിയിൽ അതൃപ്തിയുണ്ടെന്ന് ലിംഗായത്ത് നേതാവും ആർഎസ്എസിന്റെ ദീർഘകാല അംഗവുമായിരുന്ന ഷെട്ടർ പറഞ്ഞു. ആറു തവണയാണ് ഷെട്ടർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയും ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്നിരുന്നു.
ഷെട്ടറിന്റെ വരവോടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന്, ഖാർഗെ പറഞ്ഞു. “ഞങ്ങളുടെ പാളയം തകർത്ത് ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നാണ് ഇതിനർത്ഥം. അതിനാൽ, പരമാവധി സീറ്റുകൾ (മേയ് 10 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ) നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
“കർണാടക മേഖലയിൽ പാർട്ടി സംഘടിപ്പിക്കുകയും വളർത്തുകയും ചെയ്തവരിൽ ഒരാളാണ് ഞാൻ. പ്രത്യേകിച്ച് വടക്കൻ കർണാടക മേഖലയിൽ. ബിജെപി എനിക്ക് എല്ലാ ബഹുമാനവും സ്ഥാനങ്ങളും നൽകി. അതിനുപകരം, എന്റെ ഉത്തരവാദിത്തങ്ങൾ സത്യസന്ധമായി നിറവേറ്റുന്ന വിശ്വസ്തനായ ഒരു പ്രവർത്തകനായി ഞാൻ മാറി,” വാർത്താ സമ്മേളനത്തിൽ ഷെട്ടർ പറഞ്ഞു.
”ഏപ്രിൽ 11 ന്, എനിക്കും (മുൻ മന്ത്രി) കെ.എസ്.ഈശ്വരപ്പയ്ക്കും ടിക്കറ്റ് ഇല്ലെന്ന് അവർ ഒരു ചെറിയ കുട്ടിയോടോ ആദ്യമായി എംഎൽഎ ആകുന്ന ആളോടോ പറയുന്നതുപോലെ അറിയിച്ചു. അവർ ഒരാഴ്ച മുമ്പ് എന്നോട് പറയുകയും മറ്റ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ ഞാൻ സമ്മതിക്കുമായിരുന്നു,” അദ്ദേഹം പറഞ്ഞു.
“ഞാനും കൂടെ ചേർന്ന് കെട്ടിപ്പടുത്ത ഒരു വീട്ടിൽനിന്നു ഞാൻ പുറത്താക്കപ്പെടുമ്പോൾ, എനിക്ക് മുന്നിൽ മറ്റു മാർഗങ്ങളില്ല. വ്യക്തികളല്ല പാർട്ടിയാണ് പ്രധാനമെന്ന് പറഞ്ഞാണ് ഞങ്ങൾ ബിജെപിയെ വളർത്തിയെടുത്തത്. എന്നാൽ ഇന്ന് ചില വ്യക്തികളുടെ നിയന്ത്രണത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവരെ ഞാൻ വിമർശിക്കുന്നില്ല. സംസ്ഥാന ഘടകത്തിലെ സംഭവവികാസങ്ങൾ അവർ അറിഞ്ഞിരിക്കില്ല,” ഷെട്ടർ പറഞ്ഞു.