ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബല്ലാരിയില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ദി കേരള സ്റ്റോറി’ സിനിമയെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ”ഭീകരഘടകങ്ങള്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു”വെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
”കേരള സ്റ്റോറി എന്ന ചിത്രം ഒരു ഭീകര ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് തീവ്രവാദത്തിന്റെ വൃത്തികെട്ട സത്യം കാണിക്കുകയും തീവ്രവാദികളുടെ പദ്ധതിയെ തുറന്നുകാട്ടുകയും ചെയ്യുന്നു. കോണ്‍ഗ്രസ് സിനിമയെ എതിര്‍ക്കുകയും തീവ്രവാദ പ്രവണതകളുമായി നിലകൊള്ളുകയും ചെയ്യുന്നു. വോട്ട് ബാങ്കിനു വേണ്ടിയാണ് കോണ്‍ഗ്രസ് ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതെന്നും മോദി പറഞ്ഞു. കര്‍ണാടകയെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും നിരോധനവും പ്രീണനവും മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തെ അകത്ത് നിന്ന് പൊള്ളയാക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കേരള സ്‌റ്റോറിയെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരു സംസ്ഥാനത്തെ ഭീകരാക്രമണ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ളതാണ് കേരള സ്‌റ്റോറിയെന്ന് അവര്‍ പറയുന്നു. കഠിനാധ്വാനികളും കഴിവുറ്റവരുമായ ഇത്രയും മനോഹരമായ ഒരു സംസ്ഥാനത്തെ തീവ്രവാദ ഗൂഢാലോചനകളെ കേരളാ സ്റ്റോറി തുറന്നുകാട്ടി. പക്ഷേ, നാടിന്റെ ദൗര്‍ഭാഗ്യം നോക്കൂ. രാഷ്ട്രത്തെ നശിപ്പിച്ച ഇത്തരം ഭീകരവാദികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് ഇന്ന് നിലകൊള്ളുന്നത്. മാത്രവുമല്ല, ഇത്തരം ഘടകങ്ങളുമായി കോണ്‍ഗ്രസിന് പിന്‍വാതില്‍ ധാരണയും ഇടപാടുകളും ഉണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെതിരെ ജാഗ്രത പാലിക്കണമെന്നും ” മോദി പറഞ്ഞു.
തീവ്രവാദം മനുഷ്യത്വത്തിനും ജീവിത മൂല്യങ്ങള്‍ക്കും വികസനത്തിനും എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് തങ്ങളുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ തീവ്രവാദികളുടെ മുന്നില്‍ കീഴടങ്ങിയതില്‍ ഞാന്‍ ഞെട്ടിപ്പോയി,” പാര്‍ട്ടിയുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്ന് തീവ്രവാദത്തിനെതിരെ ഒരു വാക്ക് പോലും ഉരിയാടിയില്ലെന്നും മോദി ആരോപിച്ചു.
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ദി കേരള സ്റ്റോറി കേരളത്തില്‍ പ്രദര്‍ശനം തുടങ്ങി. ചിത്രം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സാങ്കല്‍പ്പിക സിനിമയല്ലെയെന്നും ചിത്രത്തിന്റെ ഉള്ളടക്കം ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയല്ലേയെന്നും കോടതി ചോദിച്ചു. മുമ്പ് ഹിന്ദു സന്യാസിമാര്‍ക്കും ക്രിസ്ത്യന്‍ പുരോഹിതര്‍ക്കുമെതിരെ പരാമര്‍ശങ്ങളുള്ള സിനിമകള്‍ ഇറങ്ങിയിട്ടും ആശ്രമത്തിലും കോണ്‍വന്റിലും ആരെങ്കിലും പോകാതിരിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. എറണാകുളത്തും കോഴിക്കോടും കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടന്നു.