ന്യൂഡല്‍ഹി : ഔദ്യോഗിക പ്രഖ്യാപനത്തിനും മുന്‍പ് ബിജെപി ഐടി സെല്‍ മേധാവി കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് തീയതി അറിയിച്ചുകൊണ്ട്‌ ട്വീറ്റ് ചെയ്ത സംഭവത്തില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐയും ഇന്റലിജന്‍സ് ബ്യൂറോയും അടങ്ങിയ കമ്മറ്റിയാകും അന്വേഷിക്കുക എന്നാണ് ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് ലഭിക്കുന്ന വിവരം. ഏഴ് ദിവസത്തിനുള്ളില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്താകുറിപ്പിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നത്.

“ചില കാര്യങ്ങൾ ചോർന്നിട്ടുണ്ടാകാം ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതാണ് . അത് അന്വേഷിക്കും. നിയമപരമായും ഭരണപരമായും ആവശ്യമുള്ളതായ നടപടി തന്നെയാവും കൈകൊള്ളുക.” ബിജെപി ഐടിസെല്‍ മേധാവി അമിത് മാളവീയയുടെ ട്വീറ്റുമായ് ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് മറുപടി നല്‍കി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തിനും മുന്‍പേ ബിജെപി ഐടി സെല്‍ മേധാവി അമിത് മാലവീയ നടത്തിയ ട്വീറ്റ് ആണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രന്ദീപ് സുര്‍ജേവാല അമിത് മാളവിയയ്ക്കോ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കോ എതിരെ നടപടി എടുക്കുമോ എന്നും ആരാഞ്ഞു.

” തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പ് കര്‍ണാടകാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ബിജെപി ‘സൂപ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍’ ആയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത സംശയത്തിലാണ്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാക്ക് നോട്ടീസ് നല്‍കാനും തിരഞ്ഞെടുപ്പിന് കമ്മീഷന്റെ രഹസ്യ വിവരം ചോര്‍ത്തിയ ബിജെപി ഐടി മേധാവിക്കെതിരെ കേസെടുക്കുവാനും കമ്മീഷന്‍ തയ്യാറാകുമോ ? ” കോണ്‍ഗ്രസ് വക്താവിന്റെ ചുമതല വഹിക്കുന്ന രന്ദീപ് സുരജ്വാല ട്വിറ്ററില്‍ ആരാഞ്ഞു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12 ന് നടക്കുമെന്നും വോട്ടെണ്ണൽ മെയ് 15 നാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ