ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പിന് മൂന്നു ദിവസങ്ങൾ മാത്രം 10,000 ത്തോളം വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടികൂടി. രാജരാജേശ്വരി നഗർ നിയമസഭാ മണ്ഡലത്തിലെ ജലഹളളിയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തത്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ചെറിയ കവറുകളിലായിട്ടായിരുന്നു തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരുന്നതെന്ന് കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപ്പാർട്മെന്റിൽനിന്നും 5 ലാപ്‌ടോപ്പുകളും ഒരു പ്രിന്ററും കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. മഞ്ജുള നൻജമാരി എന്നയാളുടെ പേരിലാണ് അപ്പാർട്മെന്റ്. രാകേഷ് എന്നൊരാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരിച്ചറിയൽ കാർഡ് കണ്ടെടുത്ത അപ്പാർട്മെന്റിന് കോൺഗ്രസ് നേതാവുമായി ബന്ധമുണ്ടെന്നും ആർആർ നഗറിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രാദേശിക ബിജെപി നേതാവിന്റെ അപ്പാർട്മെന്റാണ് ഇതെന്നും അതിൽ റെയ്ഡ് നടത്തി ബിജെപി നാടകം കളിക്കുകയാണെന്നും കോൺഗ്രസ് തിരിച്ചടിച്ചു.

ബിജെപിയുടെ കളളത്തരം പുറത്തായിരിക്കുന്നു. തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു.

ബെംഗളൂരുവിലെ വലിയ നിയോജക മണ്ഡലങ്ങളിലൊന്നാണ് രാജ രാജേശ്വരി നഗർ. 4.71 വോട്ടർമാരാണ് ഇവിടെയുളളത്. 2013 ൽ ഇവിടെനിന്നും മൽസരിച്ച് ജയിച്ച മുനിരത്നയാണ് ഇത്തവണത്തെയും കോൺഗ്രസ് സ്ഥാനാർത്ഥി. മുനിരഞ്ജു ഗൗഡയാണ് ബിജെപിയുടെ സ്ഥാനാർത്ഥി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ