ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ക്ലൈമാക്‌സിലേക്ക്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചു. ജൂലൈ 18 വ്യാഴാഴ്ച രാവിലെ 11 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക എന്ന് സ്പീക്കര്‍ അറിയിച്ചു. കാര്യോപദേശക സമിതി യോഗത്തിന് ശേഷമാണ് സ്പീക്കറുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി കഴിഞ്ഞ ആഴ്ച വിധാന്‍ സൗധയില്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുമോ എന്ന് അറിയാന്‍ ഇനി മണിക്കൂര്‍ മാത്രം. അതേസമയം, ബിജെപിക്ക് ഇത് സുവര്‍ണാവസരമാണ്. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചാല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാം.
വിശ്വാസ വോട്ടെടുപ്പ് വരെ നിയമസഭാ നടപടികളുമായി സഹകരിക്കില്ലെന്ന് ബിജെപി നിലപാടെടുത്തു. ഇരു വിഭാഗത്തിലെയും എംഎല്‍എമാരുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് വിശ്വാസ വോട്ടെടുപ്പിനെ കുറിച്ച് തീരുമാനം എടുത്തത്. കുമാരസ്വാമിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പയും ചര്‍ച്ചയില്‍ പങ്കെടുത്തു.
കർണാടകയിൽ ഭരണപക്ഷത്തുള്ള 15 എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. ഇതോടെ സർക്കാർ പ്രതിരോധത്തിലായി. രാജിവച്ച എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. വിമതരുടെ രാജിക്കാര്യത്തിൽ ഇതുവരെ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല. തങ്ങളുടെ രാജി സ്പീക്കർ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എംഎൽഎമാർ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും. രാജി സ്വീകരിക്കുന്നതിലും, എംഎൽഎമാർക്ക് അയോഗ്യത കൽപിക്കുന്നതിലും നാളെ വരെ തീരുമാനമെടുക്കരുതെന്നും, അതുവരെ തത്‌സ്ഥിതി തുടരാനുമാണ് വെള്ളിയാഴ്ച സുപ്രീം കോടതി നിർദേശിച്ചത്.
ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. വിമതർ പിന്തുണച്ചാൽ ബിജെപിക്ക് അനായാസം നിയമസഭയിൽ ഭൂരിപക്ഷം നേടാൻ സാധിക്കും. അതേസമയം, വിമതരെ അയോഗ്യരാക്കിയാലും ബിജെപിക്ക് തന്നെയാണ് നേട്ടം. അധികാരത്തിൽ കടിച്ചുതൂങ്ങി നിൽക്കാൻ താൽപര്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്നുമാണ് കുമാരസ്വാമി നേരത്തെ സഭയിൽ പറഞ്ഞത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സ്പീക്കറോട് അനുമതി തേടുകയും ചെയ്തിരുന്നു.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്നും സർക്കാർ തുടരുന്നതിൽ അർഥമില്ലെന്നുമാണ് ബിജെപി വാദം. കുമാരസ്വാമി സർക്കാർ ന്യൂനപക്ഷമായെന്നും ബിജെപി വാദിക്കുന്നു.