മുംബെെ: രാജിവച്ച വിമത എംഎൽഎമാരെ നേരിട്ട് കണ്ട് അനുനയിപ്പിക്കാൻ മുംബൈയിലെത്തിയ കർണാടകയിലെ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മടങ്ങിപ്പോകണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കാതെ റിനൈസൻസ് ഹോട്ടലിന് മുന്നിൽ തങ്ങിയതിനാണ് ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവകുമാർ ഭീഷണിപ്പെടുത്തിയതായി വിമത എംഎൽഎമാർ നേരത്തെ പരാതി നൽകിയിരുന്നു. ഭീഷണിയുണ്ടെന്ന് ആരോപിച്ച് വിമത എംഎല്‍എമാര്‍ മുംബൈ പൊലീസിനാണ് പരാതി നൽകിയത്.

ഡി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്തു നീക്കുന്നു (Express photo: Prashant Nadkar)

വിമത എംഎൽഎമാരെ കാണാനായി ഇന്ന് രാവിലെയാണ് ശിവകുമാർ മുംബൈയിലെ ഹോട്ടലിൽ എത്തിയത്. എന്നാൽ ഹോട്ടലിൽ പ്രവേശിക്കാനോ വിമതരുമായി കൂടിക്കാഴ്ച നടത്താനോ പൊലീസ് അദ്ദേഹത്തെ അനുവദിച്ചില്ല. ഹോട്ടലിന് മുന്നിൽ വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

എംഎൽഎമാർ താമസിക്കുന്ന റിനൈസൻസ് ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാറിനെതിരെ പ്രതിഷേധവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എംഎൽഎമാരെ കണ്ടേ മടങ്ങൂ എന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. താൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാൽ അകത്ത് പ്രവേശിക്കാൻ തന്നെ അനുവദിക്കണം എന്നും ശിവകുമാർ ആവശ്യപ്പെട്ടു.

എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഡി.കെ ശിവകുമാറിന്റെ ബുക്കിങ് ക്യാൻസൽ ചെയ്തെന്നും ശിവകുമാറിന് മുറി നൽകാൻ സാധിക്കില്ലെന്നും റിനൈസൻസ് ഹോട്ടൽ അധികൃതർ അറിയിച്ചു. അതേസമയം ശിവകുമാറിനെതിരെ എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചേക്കും. എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ കോൺഗ്രസ് നേതാക്കളായ മിലിന്ദ് ഡിയോറ, സഞ്ജയ് നിരുപം എന്നിവർ ശിവകുമാറിനെ കാണാനായി ഹോട്ടലിനു മുന്നിൽ എത്തിയിരുന്നു. ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഡി.കെ.ശിവകുമാറും ഭീഷണിപ്പെടുത്തുന്നതായി രാജിവച്ച വിമത ജെഡിഎസ് എംഎല്‍എ നാരായണ്‍ ഗൗഡ മുംബൈ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിന് കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുകയാണ് മുംബൈ പൊലീസ്. കുമാരസ്വാമിയേയും ശിവകുമാറിനേയും ഹോട്ടല്‍ പരിസരത്തേക്ക് കടത്തി വിടരുതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

Read More: കര്‍ണാടക പ്രതിസന്ധി; എംഎല്‍എമാരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്ന് സ്പീക്കര്‍

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടു. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിമതരുടെ രാജി സ്വീകരിക്കുന്നത് നീട്ടിയ സ്പീക്കറുടെ നടപടിയും ബിജെപി ചോദ്യം ചെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് സ്പീക്കറെ പാര്‍ട്ടി എംഎല്‍എമാരുടെ സംഘം കാണും. രാവിലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

Read More: രണ്ടും കല്‍പ്പിച്ച് ബിജെപി; വിധാന്‍ സൗധയുടെ മുന്‍പില്‍ എംഎല്‍എമാര്‍ പ്രതിഷേധിക്കും

14 എംഎൽഎമാരാണ് രാജിവച്ചത്. ഇതിൽ 13 എംഎൽഎമാർ കഴിഞ്ഞ ദിവസമാണ് സ്പീക്കർക്ക് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകുമ്പോൾ സ്പീക്കറുടെ സാന്നിധ്യം ഇല്ലായിരുന്നു. പിന്നീട് രാജിക്കത്തിന്റെ കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുകയായിരുന്നു. എട്ട് എംഎൽഎമാരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്ന് സ്പീക്കർ പറഞ്ഞു. രാജി സാധുവാകണമെങ്കിൽ എംഎൽഎമാർ നേരിട്ടെത്തി കാര്യങ്ങൾ ധരിപ്പിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും കുമാരസ്വാമി സ്ഥാനമൊഴിയണമെന്നും ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പരസ്യമായി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്ക് ബിജെപി തുടക്കത്തില്‍ മടിച്ചിരുന്നു. എന്നാല്‍ വിമതരുടെ രാജി വൈകിപ്പിച്ചും അയോഗ്യത ഭീഷണി മുഴക്കിയുമുള്ള കോണ്‍ഗ്രസ് തന്ത്രത്തിന് ഗവര്‍ണറെ മുന്‍ നിര്‍ത്തി മറുപടി കൊടുക്കാനാണ് ബിജെപി തീരുമാനം. ഉച്ചക്ക് ഒരു മണിക്കാണ് ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ടത്.

തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമില്ലെന്നാണ് ബിജെപി വാദം. നിയമസഭാ സാമാജികരുടെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് നിർദേശിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടേക്കും.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് ലോക്സഭയില്‍ പറഞ്ഞിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും ജനാധിപത്യ വ്യവസ്ഥയെ പണം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ലോക്സഭയില്‍ ആരോപിച്ചു. ശൂന്യവേളയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചത്. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്വതന്ത്ര എംഎല്‍എമാരെ രാജിവയ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook