ബെംഗളൂരു: രാജി പിന്‍വലിക്കാനൊരുങ്ങി കോണ്‍ഗ്രസ് എംഎല്‍എ എം.ടി.ബി നാഗരാജ്. കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാഗരാജ് രാജി തീരുമാനത്തിൽ പുനഃപരിശോധന നടത്താമെന്ന് പറഞ്ഞത്. കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിന് പിന്തുണ പിൻവലിച്ച് രാജി സമർപ്പിച്ച 16 എംഎൽഎമാരിൽ ഒരാളാണ് എംടിബി നാഗരാജ്.
ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ടുവെന്നും അവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജികാര്യം പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നും കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മളെന്നും എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. നേരത്തെ എം.എല്‍.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു.
Read More: ഇനി രാഷ്ട്രീയ വനവാസം: വിശ്വാസ വോട്ടെടുപ്പിന് മുമ്പ് കര്‍ണാടക എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍
ജൂലൈ 15 വരെ സമയം ഉണ്ട്. അത് വരെ രാഷ്ട്രീയം സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സംസാരമെല്ലാം കഴിഞ്ഞെന്നും തന്റെ പ്രശ്‌നങ്ങളെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു. ജൂലൈ ആറിനാണ് രാമലിംഗ റെഡ്ഡി രാജി സമര്‍പ്പിച്ചത്.
വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും എതിരാളികളായ ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎല്‍എമാരെ ചാക്കിലാക്കുന്നത് തടയാനാണ് ഈ നീക്കം.
കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ ഇന്നലെ തന്നെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബെംഗളൂരു നഗരത്തിന് പുറത്തുള്ള റിസോര്‍ട്ടുകളിലാണ് താമസിയ്ക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ രാജിവെപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പി എം.എല്‍.എമാരെ രാജി വെപ്പിയ്ക്കുമെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്.
വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ വ്യക്തമാക്കി. പാര്‍ട്ടിയിലെ ‘കരിങ്കാലികള്‍’ കാരണം ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പിനെ പേടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. അത്കൊണ്ടാണ് ഞങ്ങള്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. പാര്‍ട്ടിയില്‍ ‘കരിങ്കാലികള്‍’ ഉളളത് കൊണ്ട് തന്നെ വിശ്വാസവോട്ടെടുപ്പിനെ ബിജെപിക്ക് ഭയമാണ്,’ സിദ്ദരാമയ്യ പറഞ്ഞു.