ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷംമായി തുടരുന്നു. 21 കോൺഗ്രസ് മന്ത്രിമാർ രാജിവച്ചു. സ്വതന്ത്ര എംഎൽഎയായ നാഗേഷ് ബിജെപിക്ക് പിന്തുണ അറിയിച്ച് ഗവർണർക്ക് കത്ത് നൽകിയിരുന്നു. നാഗേഷിന് കഴിഞ്ഞ മാസമാണ് മന്ത്രിസ്ഥാനം നൽകിയത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര വ്യക്തമാക്കി. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അനുസരിക്കുമെന്നും പരമേശ്വര അറിയിച്ചു. എംഎംഎല്‍മാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ജി.പരമേശ്വര വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ താഴെ വീഴാതിരിക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. രാജിവച്ച എംഎല്‍എ രാമലിംഗ റെഡ്ഡിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാജി തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാമലിംഗ റെഡ്ഡി, എസ്.ടി.സോമശേഖര്‍, ബി.സി.പാട്ടീല്‍ എന്നിവര്‍ക്ക് മന്ത്രിപദവി വാഗ്‌ദാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും എച്ച്.ഡി.ദേവഗൗഡയും കോണ്‍ഗ്രസ് നേതാക്കളുമായി ഇന്നലെ അര്‍ധരാത്രി വരെ ചര്‍ച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറെന്ന് പരമേശ്വര കുമാരസ്വാമിയെ അറിയിച്ചിട്ടുണ്ട്.
Read More: കലങ്ങി മറിഞ്ഞ് കന്നഡ രാഷ്ട്രീയം; കുമാരസ്വാമി തിരിച്ചെത്തി; അടുക്കാതെ എംഎല്‍എമാര്‍
രാജിവച്ച മുഴുവൻ എംഎൽഎമാർക്കും കോൺഗ്രസ് മന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്തതായാണ് റിപ്പോർട്ട്. എന്ത് വിലകൊടുത്തും മന്ത്രിസഭ നിലനിർത്തണമെന്ന എഐസിസി നിർദേശത്തെ തുടർന്നാണ് ഈ ഒത്തുതീർപ്പ്. ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ നിലവിലുള്ള നിരവധി മന്ത്രിമാർ രാജിവയ്ക്കേണ്ടിവരും. വിമത എംഎൽഎമാർ ഇതിനോട് പ്രതികരിച്ചിട്ടില്ല.
നാളെ സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പ് പരിഹാര ഫോര്‍മുല ഉണ്ടാക്കാനാണ് നീക്കം. രാജി പിന്‍വലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും വിമത എംഎല്‍എമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാര്‍ട്ടി ആസ്ഥാനത്ത് ചേരും.
ഇന്ന് രാവിലെ 9 മണിക്ക് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ പങ്കെടുക്കില്ലെന്നും രാജി പിന്‍വലിക്കില്ലെന്നും മുംബൈയിലുളള എംഎല്‍എമാര്‍ അറിയിച്ചു. ജെഡിഎസ് എംഎല്‍എമാരുടെ അടിയന്തര യോഗം നടന്നെങ്കിലും കാര്യമായ തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി യോഗത്തില്‍ പങ്കെടുത്തു. വിദേശത്തായിരുന്ന കുമാരസ്വാമി കര്‍ണാടകയിലെത്തി. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ബെംഗളൂരുവിലെത്തിയത്. കുമാരസ്വാമി സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തിയാണ് എംഎഎല്‍എമാര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നത്.
കര്‍ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നാണ് ബിജെപി പറയുന്നത്. 105 എംഎല്‍എമാരുടെ പിന്തുണയില്‍ അടുത്ത തീരുമാനം എന്താണെന്ന് ഉടന്‍ അറിയിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു. ജൂലൈ 12 ന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുക.
അതേസമയം, രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസില്‍ തന്നെ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ കള്ളന്‍ സിദ്ധരാമയ്യ ആണെന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉണ്ട്. രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണം സിദ്ധരാമയ്യ ആണെന്നാണ് ഇവരുടെ വാദം. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുകയാണ്.