ബെംഗളുരു: കര്‍ണാടകയില്‍ വനിത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പരസ്യപ്പോരില്‍ അച്ചടക്ക വടിയെടുത്ത് സർക്കാർ. ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ, ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി എന്നിവരെ ഉടന്‍ സ്ഥലം മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. രോഹിണി സിന്ധൂരിക്കെതിരെ ഡി രൂപ പത്തൊമ്പതോളം ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്കെത്തിയത്.
ദേവസ്വം കമ്മിഷണറും ഐ എ എസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എം ഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. രൂപയുടേതു തെറ്റായതും വ്യക്തിപരവുമായ അപവാദ പ്രചാരണമാണെന്നാണ് ആരോപണത്തെക്കുറിച്ച് രോഹിണി സിന്ധൂരി പ്രതികരിച്ചത്. വിഷയത്തില്‍ പരാതി നല്‍കുമെന്നും അവർ പറഞ്ഞിരുന്നു. പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം.
സംഭവത്തോട് പ്രതികരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഉദ്യോഗസ്ഥരോട് അച്ചടക്കം പാലിക്കാന്‍ ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മയ്ക്കു നിര്‍ദേശം നല്‍കിയതായും ഇരുവരുമായും നേരിട്ട് സംസാരിച്ചതായും പറഞ്ഞു. അവര്‍ തങ്ങളുടെ പരാതികള്‍ രേഖാമൂലം നല്‍കിയിട്ടുണ്ട്. ഇവ ചീഫ് സെക്രട്ടറി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഉദ്യോഗസ്ഥരുടെയും മോശം പെരുമാറ്റം സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര നടപടിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ, രൂപയുടെ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെ തൽസ്ഥാനത്തുനിന്നു മാറ്റി. സര്‍വേ സെറ്റില്‍മെന്റ് ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് കമ്മിഷണറായിരുന്ന മുനിഷ് മൗദ്ഗിലിനെ പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്കാണു മാറ്റിയത് മാറ്റി.