ബെംഗളുരു: ലിംഗായത് നേതാവ് ബസവരാജ് ബൊമ്മെയെ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ബെംഗളുരുവിലെ ഹോട്ടലിൽ വൈകിട്ട് നടന്ന ബിജെപി നിയമസഭാ അംഗങ്ങളുടെ യോഗത്തിലാണു തീരുമാനം. ബൊമ്മെ നാളെ സത്യപ്രതിജ്ഞ ചെയ്യും.
കർണാടക ആഭ്യന്തര മന്ത്രിയായിരുന്ന ബൊമ്മെ, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ബിഎസ് യെഡിയൂരപ്പയുമായി ഉറ്റ ബന്ധം പുലർത്തുന്നയാളാണ്. നിയമസഭാ അംഗങ്ങളുടെ യോഗത്തിൽ യെഡിയൂരപ്പയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിർദേശിച്ചതെന്നാണു വിവരം. എംഎൽഎമാർ ഏകകണ്ഠമായാണ് ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു തിരഞ്ഞെടുത്തതെന്നു സംസ്ഥാന നേതാവ് കെ സുധാകർ പറഞ്ഞു.
കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച എസ്ആർ ബൊമ്മെയുടെ മകനാണ് അറുപത്തി ഒന്നുകാരനായ ബസവരാജ് ബൊമ്മെ.
യോഗത്തിൽ ബിജെപി കര്‍ണാടക ഘടകത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് അരുണ്‍ സിങ്, നിരീക്ഷകരായ ധര്‍മേന്ദ്ര പ്രധാൻ, കിഷന്‍ റെഡ്ഡി, മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ നേതാവ് ബി എല്‍ സന്തോഷ്, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി (ഇരുവരും ബ്രാഹ്‌മണ സമുദായം), അരവിന്ദ് ബെല്ലാഡ് (ലിംഗായത്) എന്നിവരുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു.
ദലിത് നേതാക്കളായ ഗോവിന്ദ് കര്‍ജോൾ, എസ് അംഗാര എന്നിവരുടെ പേരും അവസാനം നിമിഷം പ്രചരിച്ചു. ഈ രണ്ടു പേരിൽ ആരെങ്കിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ കർണാടകയിലെ ആദ്യ ദലിത് മുഖ്യമന്ത്രിയാവുമായിരുന്നു.
യെഡിയൂരപ്പയുമായി ഉറ്റ ബന്ധം പുലര്‍ത്തുന്നയാളും ഉപ മുഖ്യമന്ത്രിയുമാണ് ഗോവിന്ദ് കര്‍ജോൾ. ബിജെപിയുടെയും ആർഎസ്എസിന്റെയും വിശ്വസ്ത സേവകനായായി വിശേഷിപ്പിക്കപ്പെടുന്ന എസ് അംഗാര നിലവിൽ ഫിഷറീസ് മന്ത്രിയാണ്. കർണാകടയിലെ തീരപ്രദേശത്തുനിന്നുള്ള നേതാവായ ഇദ്ദേഹം ആറ് തവണയായി സുള്ള്യ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
Also Read: മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
രണ്ടു വർഷം മുഖ്യമന്ത്രി പദം വഹിച്ച ബി എസ് യെഡിയൂരപ്പ ഇന്നലെയാണു രാജി വച്ചത്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ഇന്നു രാവിലെ ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. തീരുമാനമെടുക്കുന്നതിനുള്ള ബിജെപിയിലെ ഉന്നത സമിതിയാണ് പാര്‍ലമെന്ററി ബോര്‍ഡ്. അവിടെ എടുത്ത തീരുമാനം എംഎൽഎമാരുടെ യോഗത്തിൽ അറിയിക്കുകയായിരുന്നു.