ബംഗളൂരു: കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയും 6.5 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയും എന്ന നിലയില്‍ പ്രത്യേക പതാക വേണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് പ്രത്യേക പതാക നല്‍കുമ്പോള്‍ അത് ദേശീയ പതാകയുടെ മൂല്യം കുറക്കുന്നതിന് വഴി വെക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാനത്തിന് പ്രത്യേക പതാക നല്‍കേണ്ടതില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല. പ്രത്യേക പതാക നല്‍കിയെന്ന് കരുതി ദേശീയ പതാകയെ ബഹുമാനിക്കാതിരിക്കില്ല. ദേശീയ പതാക എന്നും ഉയര്‍ന്നു തന്നെ നില്‍ക്കും’, കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

നമ്മ മെട്രോയിലെ ഹിന്ദി ഉപയോഗത്തേയും അദ്ദേഹം വിമര്‍ശിച്ചു. ‘കേരളത്തിലേയും തമിഴ്നാട്ടിലേയും മെട്രോകളില്‍ ഹിന്ദിയില്ല. പിന്നെ എന്തിന് കര്‍ണാടകയ്ക്ക് ഹിന്ദി നിര്‍ബന്ധമാക്കണം. മെട്രോയില്‍ ഹിന്ദി അനുവദിക്കില്ലെന്നും അത് അസാധ്യമാണെന്നും കാട്ടി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. ഒരാള്‍ ഏത് പ്രദേശത്ത് ജനിച്ച ആളാണെങ്കിലും ഏത് ഭാഷ സംസാരിക്കുന്നയാളാണെങ്കിലും കര്‍ണാടകയില്‍ താമസിക്കുമ്പോള്‍ അയാള്‍ കര്‍ണാടകക്കാരനാണ്. അതില്‍ ഒരു തര്‍ക്കവും വേണ്ട’, സിദ്ധരാമയ്യ പറഞ്ഞു.

നിലവില്‍ കശ്മീരിനു മാത്രമാണ് പ്രത്യേക പതാകയുള്ളത് . സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പാണ് കശ്മീരിന്റെ പ്രത്യേക പതാക അനുവദിക്കുന്നത് .

നേരത്തെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഈ നിര്‍ദ്ദേശം തള്ളിയിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നല്ലതായിരിക്കില്ല പ്രത്യേക പതാകയെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സങ്കുചിത പ്രാദേശിക വാദം ഉയര്‍ത്താന്‍ ഇത് കാരണമാകുമെന്നായിരുന്നു ബിജെപി സര്‍ക്കാരിന്റെ നിലപാട്. 2018 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രാദേശിക വികാരം അനുകൂലമാക്കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ