ബെംഗളുരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളജില്‍ ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചുവെന്ന് ആരോപിച്ച് മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി മര്‍ദിച്ചു. സുള്ള്യ താലൂക്കിലെ കോളജിലാണു സംഭവം.
ജല്‍സൂര്‍ ഗ്രാമവാസിയായ മുഹമ്മദ് സാനിഫിനാ(19)ണു കോളജ് പരിസരത്തുവച്ച് മര്‍ദനമേറ്റതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
സഹപാഠിയായ ഹിന്ദു പെണ്‍കുട്ടിയോട് സാനിഫ് സംസാരിച്ചതാണ് അക്രമം നടത്തിയവരെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തെ അപ്പോള്‍ തന്നെ ഇവര്‍ എതിര്‍ത്തിരുന്നു.
തുടര്‍ന്ന് സാനിഫിനെ കോളജ് ഗ്രൗണ്ടിലേക്കു വിളിച്ചുവരുത്തിയ അക്രമികള്‍ മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുമായുള്ള സംഭാഷണത്തിന്റെ പേരില്‍ സാനിഫിനെ ചോദ്യം ചെയ്ത ഇവര്‍, പെണ്‍കുട്ടിയോട് ഇനിയും സംസാരിച്ചാല്‍ തല്ലുകൊള്ളുമെന്നും ഭീഷണിപ്പെടുത്തി.
സാനിഫിന്റെ രക്ഷയ്ക്കെത്തിയ പെണ്‍കുട്ടിയെ അക്രമികള്‍ ചോദ്യം ചെയ്യുകയും വെറലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഫൊട്ടോ എടുത്തതായും പൊലീസ് പറഞ്ഞു. അക്രമികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയ സാനിഫിനെ തുടര്‍ന്നു സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പ്രജ്വല്‍, തനൂജ്, അക്ഷയ്, മോക്ഷിത്, ഗൗതം തുടങ്ങിയവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.