ബെംഗളൂരു: ഭാവിയിൽ കാവി പതാക ദേശീയ പതാകയായേക്കുമെന്ന് കർണാടക പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാവരോടും അഭ്യർത്ഥിച്ചിരിക്കെയാണ് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രസ്താവന.
“ഇന്ന് ഈ രാജ്യത്ത് നമ്മൾ ഹിന്ദുത്വവും ഹിന്ദു വിചാരവും ചർച്ച ചെയ്യുന്നു. ഒരിക്കൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ആളുകൾ ചിരിച്ചിരുന്നു. നമ്മൾ ഇപ്പോൾ അത് നിർമ്മിക്കുകയല്ലേ? അതുപോലെ, ഭാവിയിൽ എപ്പോഴെങ്കിലും, 100, അല്ലെങ്കിൽ 200, അല്ലെങ്കിൽ 500 വർഷങ്ങൾക്ക് ശേഷം, ഭഗവധ്വജ് ദേശീയ പതാകയായി മാറിയേക്കാം. എനിക്കറിയില്ല,” ഈശ്വരപ്പ പറഞ്ഞു.
ശിവമോഗ ജില്ലയിലെ ഒരു സർക്കാർ കോളേജിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭകർ ത്രിവർണ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിച്ചുവെന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഈശ്വരപ്പ.
“നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് ശ്രീരാമചന്ദ്രന്റെയും ഹനുമാന്റെയും രഥങ്ങളിൽ കാവി പതാകകൾ ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നോ? ഇപ്പോൾ അത് (ത്രിവർണ്ണ പതാക) നമ്മുടെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു. അതിന് എന്ത് ബഹുമാനമാണ് നൽകേണ്ടത് ഓരോ വ്യക്തിയും നൽകണം…, അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല, ”ഈശ്വരപ്പപറഞ്ഞു. “ഇപ്പോൾ ഭരണഘടനാപരമായി നമ്മൾ ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി അംഗീകരിച്ചു. അതിനെ മാനിക്കാത്തവർ രാജ്യദ്രോഹികളാണ്,” മന്ത്രി പറഞ്ഞു.