scorecardresearch

മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലും

ബില്‍ ഡിസംബറില്‍ നിയമസഭ പാസാക്കിയിരുന്നു. ആ സമയത്ത് ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഭരണകക്ഷിയായ ബി ജെ പിക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല

മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലും

ബെംഗളുരു: വിവാദമായ ‘മതപരിവര്‍ത്തന വിരുദ്ധ ബില്‍’ പാസാക്കി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍. പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ജെ ഡി എസിന്റെയും എതിര്‍പ്പ് മറികടന്നാണു ഉപരിസഭ ബില്‍ പാസാക്കിയത്.

‘മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്ന ബില്‍’ ഡിസംബറില്‍ നിയമസഭ പാസാക്കിയിരുന്നു. ആ സമയത്ത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഭരണകക്ഷിയായ ബി ജെ പിക്കു ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു ബില്‍ തീരുമാനമാകാതെ തുടരുകയായിരുന്നു. ബില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി എസ് ആര്‍ ബൊമ്മെ സര്‍ക്കാര്‍ ഈ വര്‍ഷം മേയില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബില്‍ ഇന്ന് ഉപരിസഭയില്‍ അവതരിപ്പിച്ചത്. അടുത്ത കാലത്തായി മതപരിവര്‍ത്തനം വ്യാപകമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വശീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും മതംമാറ്റം നടത്തുന്നതായും ഇതു സമാധാനം തകര്‍ക്കുകയും വിവിധ മതവിശ്വാസങ്ങളുള്ള ആളുകള്‍ക്കിടയില്‍ ശങ്ക സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബില്‍ ആരുടെയും മതസ്വാതന്ത്ര്യം ഇല്ലാതാക്കുന്നില്ലെന്നും ആര്‍ക്കും ഇഷ്ടമുള്ള മതം ആചരിക്കാമെന്നും എന്നാല്‍ സമ്മര്‍ദ്ദത്തിലോ വശീകരണത്തിലോ ആവരുതെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.

ബില്ലിലെ ചില വ്യവസ്ഥകള്‍ക്ക് പകരമായി മന്ത്രി ചില ഭേദഗതികള്‍ കൊണ്ടുവന്നു. ”ഇത് (നിയമനിര്‍മാണം) മേയ് 17 മുതല്‍ പ്രാബല്യത്തില്‍ വന്നതായി കണക്കാക്കും. ബില്‍ പാസായതോടെ ഓര്‍ഡിനന്‍സ് അസാധുവായിരിക്കുന്നു,” മന്ത്രി പറഞ്ഞു.

കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ് പ്രതിഷേധ സൂചകമായി ബില്ലിന്റെ പകര്‍പ്പ് വലിച്ചുകീറി. പ്രോ-ടേം ചെയര്‍മാന്‍ രഘുനാഥ് റാവു മല്‍ക്കാപുരെ ബില്‍ വോട്ടിനിടാനിരിക്കെയായിരുന്നു ഈ നീക്കം.

ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും മതവിശ്വാസത്തിനുള്ള അവകാശത്തെ ബാധിക്കുമെന്നും ഹരിപ്രസാദ് പറഞ്ഞു. അതേസമയം, ബില്‍ ഭരണഘടനയുടെ പരിധിയിനിന്നുകൊണ്ടുള്ളതാണെന്നു നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി വാദിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka legislative council passes anti conversion bill