ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ കര്‍ണാടകയില്‍ ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കം. അന്തരിച്ച അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കലാണ് ഇന്നത്തെ അജണ്ട. രാജിവച്ച വിമത എംഎൽഎമാർ നിയമസഭയിൽ എത്തില്ല. ഇത് സർക്കാരിന് തിരിച്ചടിയാകും. 16 എംഎൽഎമാരാണ് കർണാടകയിൽ രാജിവച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മുംബൈയിലുണ്ടായിരുന്ന വിമത എംഎൽഎമാർ ബെംഗളൂരുവിലെത്തി സ്പീക്കറെ കണ്ടിരുന്നു. പത്ത് വിമതർ പുതിയ രാജിക്കത്ത് നൽകുകയും ചെയ്തു. സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷം വിമതർ വീണ്ടും മുംബൈയിലേക്ക് മടങ്ങി.

രാജിയുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുക്കില്ലെന്ന നിലപാടിലാണ് സ്പീക്കർ. രാജിക്കത്തുകളിൽ അന്തിമ തീരുമാനം എടുക്കാൻ ഇനിയും സമയം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രമേഷ് കുമാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

Read Also: വിമത എംഎല്‍എമാര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

അതേസമയം, നിയമസഭയിലെത്തുന്ന എംഎൽഎമാർക്ക് കോൺഗ്രസും ജെഡിഎസും വിപ്പ് നൽകിയിട്ടുണ്ട്. ബിജെപി എംഎൽഎമാർ സഭയിലെത്തിയാൽ തന്നെ പ്രതിഷേധ സൂചകമായി സഭ ബഹിഷ്കരിക്കാൻ സാധ്യതയുണ്ട്. നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കോൺഗ്രസും ജെഡിഎസും ഇപ്പോഴും അവകാശപ്പെടുന്നു. എല്ലാം സഭയിൽ കാണാമെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ പറഞ്ഞത്.

വിമത എംഎൽഎമാർ നൽകിയ രാജിക്കത്ത് സ്വീകരിക്കാൻ സ്പീക്കർ നേരത്തെ വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയം സുപ്രീം കോടതിയിലേക്ക് നീങ്ങിയത്.  സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമാണ് വിമത എംഎല്‍എമാര്‍ വിധാന്‍ സൗധയിലെത്തി സ്പീക്കറെ കണ്ടത്. മുംബൈയില്‍ താമസിക്കുകയായിരുന്ന വിമതര്‍ സുപ്രീം കോടതി നിര്‍ദേശം അനുസരിച്ച് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

11 വിമത എംഎല്‍എമാരാണ് സ്പീക്കറെ കണ്ടത്. ഇതില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണുള്ളത്. ആകെ 16 പേരാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സ്പീക്കറെ സമീപിച്ചത്. ഇതില്‍ എട്ട് പേരുടെ രാജി നടപടിക്രമങ്ങള്‍ അനുസരിച്ചല്ലെന്നും നേരിട്ട് വന്ന് രാജിയുടെ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല എന്ന് എംഎല്‍എമാര്‍ ആരോപിച്ചു. എന്നാല്‍, ബെംഗളൂരുവിലെത്തി സ്പീക്കറെ കണ്ട് രാജിക്കാര്യം വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

രാജിക്കാര്യത്തില്‍ താമസം വരുത്തിയിട്ടില്ലെന്ന് വിമത എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കര്‍ പറഞ്ഞു. ആരെയും സംരക്ഷിക്കുകയല്ല സ്പീക്കറുടെ ജോലി. ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്ന പോലെ ആരുടെയും രാജിക്കത്തില്‍ തീരുമാനം എടുക്കാന്‍ കാലതാമസം വരുത്തിയിട്ടില്ലെന്നും സ്പീക്കര്‍ കുമാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook