കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് വാക്സിനിന്റെ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട് ദിവസത്തിനു ശേഷം ആരോഗ്യപ്രവർത്തകൻ മരണപ്പെട്ടു. 43 കാരനായ ഗ്രൂപ്പ് ഡി തൊഴിലാളി നാഗരാജു ആണ് മരിച്ചത്. എന്നാൽ മരണത്തിന് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

“ബല്ലാരി ജില്ലയിൽ ആരോഗ്യവകുപ്പ് ജീവനക്കാരനായ നാഗരാജു (43 വയസ്സ്) ഇന്ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജനുവരി 16 ഉച്ചയ്ക്ക് 1 മണിയോടെ അദ്ദേഹത്തിന് കുത്തിവയ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ വരെ സാധാരണ നിലയിലായിരുന്നു അദ്ദേഹം (വാക്സിനേഷൻ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അസാധാരണ സംഭവങ്ങളൊന്നുംനടന്നിട്ടില്ല). ഇന്ന് രാവിലെ ഡ്യൂട്ടിക്ക് എത്തിയ അദ്ദേഹം രാവിലെ 09: 30 ഓടെ നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെടുകയും തളർന്നുവീഴുകയും ചെയ്തു. ഉടൻ ചികിത്സ തേടിയ അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജിൻഡാൽ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11: 15 നാണ് ജിൻഡാൽ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറ്റവും മികച്ച ചികിത്സ നൽകി, പക്ഷേ അദ്ദേഹത്തെ രക്ഷിക്കാനായില്ല, ”കർണാടക ആരോഗ്യവകുപ്പ് തിങ്കളാഴ്ച വൈകുന്നേരം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

Read More: നോർവേയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ മരണം; വസ്തുതകൾ എന്തെല്ലാം?

“ഇതേ വയലിൽ നിന്ന് വാക്സിൻ എടുത്ത മറ്റ് ആരോഗ്യ പ്രവർത്തകർക്കൊന്നും പ്രതികൂല സംഭവങ്ങളൊന്നുമില്ല. ജില്ലാതല എഇഎഫ്ഐ കമ്മിറ്റി യോഗം ചേർന്ന് വിശദമായ ചർച്ചകൾ നടത്തി. കാർഡിയോസ്പിറേറ്ററി അറസ്റ്റാണ് മരണകാരണമെന്നാണ് നിഗമനം, ”പ്രസ്താവനയിൽ പറയുന്നു. മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പുമായി പങ്കുവെക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ പവൻ കുമാർ മലപതി പറഞ്ഞു.

നാഗരാജുവിന്റം മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും ഓട്ടോപ്സി റിപ്പോർട്ട് വന്ന ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നും സുന്ദൂർ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ രാമഷെട്ടി പറഞ്ഞു. “ഞങ്ങൾ മൃതദേഹം ബല്ലാരിയിലെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ അദ്ദേഹത്തിന്റെ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂ,” അദ്ദേഹം പറഞ്ഞു.

Read more: കോവിഡ് വാക്സിനേഷൻ: പ്രധാന സുരക്ഷാ മാർഗനിർദേശങ്ങൾ അറിയാം

“നാഗരാജ് തിങ്കളാഴ്ച പതിവുപോലെ ഡ്യൂട്ടിക്ക് വന്നിരുന്നുവെങ്കിലും നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു, ചികിത്സയോട് പ്രതികരിച്ചില്ല,” രാമഷെട്ടി പറഞ്ഞു.

നാഗരാജിന്റെ മരണം കോവിഷീൽഡ് വാക്സിൻ കാരണമല്ലെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “അദ്ദേഹത്തിന് രക്താതിമർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുന്നു. വാക്സിൻ എടുത്ത ശേഷം അദ്ദേഹത്തിന് പാർശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടിയന്തിര ആരോഗ്യ പരിരക്ഷ നൽകാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും അദ്ദേഹം ചികിത്സയോട് പ്രതികരിക്കാതെ മരിച്ചു,”അദ്ദേഹം പറഞ്ഞു.

അതേസമയം, ഉത്തർപ്രദേശിലും കർണാടകയിലും കോവിഡ് -19 വാക്സിൻ കഴിച്ച് രണ്ട് പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു.. “ഉത്തർപ്രദേശ് സ്വദേശിയുടെ മരണം വാക്സിനേഷനുമായി ബന്ധപ്പെട്ടതല്ല. രണ്ടാമത്തെ വ്യക്തിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും,” ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook